കോഴിക്കോട്: സിപിഎമ്മിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും ‘കേഡര്‍’ സംവിധാനത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങിയതോടെ ഇനി വരാനിരിക്കുന്നത് ‘ശ്രീ’ ക്കാലം.
കുടുംബശ്രീയിലൂടെ സിപിഎം എത്തിപ്പിടിച്ച നേട്ടങ്ങള്‍ക്ക് പിന്നാലെ പോയി ക്ഷീണിച്ച ജനശ്രീയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. തൊട്ടുപിന്നാലെ സംഘപരിവാര്‍ പിന്തുണയോടെ അക്ഷയശ്രീ യൂണിറ്റുകള്‍ ഉഷാറാക്കാനും നടപടി തുടങ്ങി.
വീട്ടമ്മമാരിലൂടെ കുടുംബാംഗങ്ങളിലേക്ക് എത്തി സംഘടനാസംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്.
സിപിഎം നേരത്തെ തുടങ്ങി സംഘടനാശേഷിയുടെ ബലത്തില്‍ തുടര്‍ച്ചയായി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന പദ്ധതി കേരളത്തില്‍ മറ്റുമുഖ്യധാരാപാര്ട്ടികളും പൂര്‍വാധികം ശക്തിയോടെ ഏറ്റെടുത്തിരിക്കുകയാണ്.
കെ.സുധാകരന് കെപിസിസി പ്രസിഡന്റായതോടെ വന്ന കേഡര്‍ മാറ്റമാണ് കൂടുതല്‍ ജനങ്ങളിലേക്ക് സംഘടനാസംവിധാനം ഉപയോഗിച്ച് കടന്നുകയറുക എന്നത്.
മുന്‍പ് ജനശ്രീ ഉണ്ടായിരുന്നുവെങ്കിലും പലയിടത്തും പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അല്ലെങ്കിലും 26 മണ്ഡലം കമ്മിറ്റികളില്‍ നിന്നായി 2,412 കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ കൂടി രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
അടിത്തട്ടില്‍ പുതിയ ആവേശവും മുന്നേറ്റവും ഐക്യവും വിളംബരം ചെയ്താണ് ആഘോഷപൂര്‍വം പുതിയ സിയുസികള്‍ രൂപീകരിച്ചത്. ഇവരുടെ പ്രവര്‍ത്തന മേഖലകളില്‍ ജനശ്രീ കൂടി ഉള്‍പ്പെടും.
സംസ്ഥാനത്ത് കുടുംബശ്രീ മാതൃകയില്‍ അക്ഷയശ്രീ യൂണിറ്റുകള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആര്‍എസ്എസ് നിര്‍ദേശം നല്കി കഴിഞ്ഞു.
സാധാരണക്കാരായ കുടുംബങ്ങളിലേക്കു ഇറങ്ങിച്ചെല്ലാനും പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായും ഇനി പ്രതിമാസം റിപ്പോര്‍ട്ടുകള്‍ നല്‍കാനും അത് വിലയിരുത്തി മുന്നോട്ടുപേകാനും യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്കി. സംഘപരിവാര്‍ സംവിധാനം പൂര്‍ണമായും ഇതിനായി ഉപയോഗപ്പെടുത്തും.
ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ സഹകരണമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തശേഷം നല്കിയ ഈ നിര്‍ദേശം ലോക്സഭാതെരഞ്ഞെടുപ്പിനു മുന്‍പു നടപ്പിലാക്കാനാണ് നിര്‍ദേശം.
2011ല്‍ സംസ്ഥാനത്ത് ആദ്യ അക്ഷയശ്രീ യൂണിറ്റ് തുടങ്ങി പത്തുവര്‍ഷം പിന്നിടുമ്പോഴും വലിയ രീതിയില്‍ വളര്‍ച്ച ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.
നിലവില്‍ 7,800 ചെറിയ യൂണിറ്റുകളാണ് ഉള്ളത്. ഇതില്‍ തന്നെ പലതും നിര്‍ജീവമാണ്. കുടുംബശ്രീയിലൂടെ സിപിഎം കേരളത്തില്‍ ഉണ്ടാക്കിയനേട്ടം സംഘടനാകരുത്തിലൂടെയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
കോവിഡ് കാലത്ത് ഉള്‍പ്പെടെ ഇത് അവര്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്തുവെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. അക്ഷയശ്രീ ശൃംഖലകള്‍ കേരളത്തില്‍ കൂടുതല്‍ വളരുമെന്നും സംഘപരിവാര്‍ ശക്തികള്‍ക്ക് ആവശ്യമായ രാഷ്ട്രീയ നേട്ടവും മുന്നേറ്റവും ഇതിലൂടെ ലഭിക്കുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു.