ശ്രീകണ്ഠപുരം (കണ്ണൂര്‍): വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പാപ്പിനിശേരി ധര്‍മക്കിണറിനടുത്ത് ടി.കെ. ഹൗസില്‍ വിനോദ് കുമാറിന്റെ മകന് കമല്‍കുമാര്‍ (23), പാപ്പിനിശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പി.പി. അശ്വതി (20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശശിപ്പാറയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അശ്വതി. ചൊവ്വാഴ്ച രാവിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോകണമെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ അശ്വതി തിരിച്ചെത്തിയില്ലെന്നു കാണിച്ച് അമ്മാവന് രാജേഷ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കമല്‍കുമാറിനെയും കാണാതായ വിവരം ലഭിച്ചത്. മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ ഇരിട്ടി മേഖലയില്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവാവും യുവതിയും സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ശശിപ്പാറ വ്യൂ പോയിന്റിനു താഴെയുള്ള വനത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്പരം കെട്ടിയനിലയിലാണ് ഉണ്ടായിരുന്നത്. പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പോലീസും ഇരിട്ടിയിലെ അഗ്നിശമനസേനയും ചേര്‍ന്നാണ് 200 മീറ്ററോളം താഴ്ചയുള്ള കൊക്കയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
മറാത്തി കുറവ സമുദായക്കാരനാണ് മരിച്ച കമല്‍കുമാര്‍. ഇവരുടെ സമുദായ ആചാരപ്രകാരം മറ്റു സമുദായത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാന്‍ പാടില്ലത്രെ. ഇതിനിടെ പെയിന്റിംഗ് തൊഴിലാളികൂടിയായ കമല്‍കുമാറിന്റെ വിവാഹം കുടുംബാംഗങ്ങള്‍ ആലോചിച്ചുതുടങ്ങിയതായും പറയുന്നു. ഇതില്‍ മനംനൊന്തായിരിക്കാം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.