കണ്ണൂർ ജില്ലയിലെ ഇരിക്കൂറിനടുത്ത ഊരത്തൂർ പറന്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി എട്ട് മാസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത നീക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പി പോലീസ്. കഴിഞ്ഞ ഫെബ്രുവരി 24 നാണ് ഊരത്തൂർ പിഎച്ച്സിക്ക് സമീപം ഊരത്തൂർ കല്യാട് റോഡരികിൽ നിന്ന് 50 മീറ്റർ അകലെ മൈലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറന്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചത്.
ആദ്യം തലയോട്ടിയും പിന്നീട് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ലഭിച്ച ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
മൃതദേഹ അവശിഷ്ടങ്ങളിൽ തലയോട്ടി 22 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീയുടേതാകാനും കീഴ്ത്താടിയെല്ലും പല്ലുകളും പുരുഷന്റേതാകാനുമാണ് സാധ്യതയെന്നും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഫോറൻസിക് പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പ്രദേശത്ത് മൃതദേഹം ദഹിപ്പിക്കാതെ സംസ്കരിച്ചിട്ടില്ലെന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇക്കാലയളവിൽ പടിയൂർ ഉൾപ്പെടെ രണ്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ മാൻ മിസിംഗ് പരാതിയൊന്നും ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ഇവിടെ എങ്ങനെ മൃതദേഹ അവശിഷ്ടങ്ങൾ എത്തിയെന്നതാണ് ദുരൂഹതയുണ്ടാക്കുന്നത്.
വിശദമായ പരിശോധനയ്ക്കായി പോലീസ് മൃതദേഹ അവശിഷ്ടങ്ങൾ തിരുവനന്തപുരം ലാബിലേക്ക് അയച്ചിട്ടുള്ളത്. പരിശോധനക്ക് നൽകിയിട്ട് ആറ് മാസം കഴിഞ്ഞെങ്കിലും റിപ്പോർട്ട് ഇരുവരെ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം ലഭിച്ച ശേഷം ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കുമെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, ഈ പ്രദേശത്ത് ആദ്യസമയത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ആസാം സ്വദേശി സെയ്താലിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടന്നിരുന്നത്. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് മാസങ്ങൾക്ക് മുന്പ് ഇയാൾ ഇവിടെ വാടകയ്ക്ക് താമസിക്കുകയും പിന്നീട് കാണാതാവുകയും ചെയ്തിരുന്നു. 2017 ഒക്ടോബറിലാണ് സെയ്താലിയെ കാണാതായത്. മൃതദേഹ അവശിഷ്ടങ്ങളുടെ പഴക്കവും സെയ്താലിയെ കാണാതായതും ഒരേ സമയത്ത് തന്നെയാണ്.
ഇതോടെയാണ് സെയ്താലിയുടെ തിരോധാനം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ സെയ്ദാലിയോടൊപ്പം ഊരത്തൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആസാം ബെർപേട്ട ജില്ലയിലെ അലോപ്പതി സാദിഖ് അലി (19) യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവയിൽ സ്വർണപ്പണി ചെയ്തിരുന്ന സാദിഖ് അലി മറ്റൊരു തൊഴിൽ തേടിയാണ് ഊരത്തൂരിലെത്തിയിരുന്നത്.
ഇവിടെ ചെങ്കൽ ക്വാറിയിൽ ജോലി ചെയ്തിരുന്ന ബന്ധുവാണ് ഇയാൾക്ക് സെയ്താലിയോടൊപ്പമുള്ള താമസമേർപ്പാടാക്കിയത്. രണ്ട് ദിവസം ഇവിടെ താമസിച്ചിരുന്ന സാദിഖ് അലി തുടർന്ന് വീണ്ടും ആലുവയിലേക്ക് പോവുകയായിരുന്നു. ഇവിടുന്ന് വസ്ത്രങ്ങളെടുക്കാൻ വീണ്ടും ഊരത്തൂരിലെത്തിയ ഇയാൾ സെയ്താലിയുടെ മൊബൈൽ കവർന്ന് ആസാമിലേക്ക് പോവുകയായിരുന്നു.
എന്നാൽ സെയ്താലിയെ കാണാതായതിനാൽ ആസാമിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയാണ് മൊബൈലുമായി താൻ ആസാമിലെത്തിയതെന്നാണ് ഇയാൾ പോലീസിന് നൽകിയിരുന്ന മൊഴി. സെയ്താലിയെ കുറിച്ച് തുടർന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു.