ഹൈദരാബാദ്: ബാഡ്മിന്റണിലെ ഇതിഹാസങ്ങളായ ലിന് ഡാന്റെയും ലീ ചോംഗ് വീയുടെയും ആധിപത്യകാലത്തിന് അവസാനമയെന്നും ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് ചാമ്പ്യന്മാരാകാനുള്ള അവസരം ഉണ്ടായിരിക്കുകയാണെന്നും കിഡംബി ശ്രീകാന്ത് പറഞ്ഞു.
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടി നാട്ടിലെത്തിയശേഷം സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ശ്രീകാന്ത് അഞ്ചുമാസത്തിനിടെ നേടിയത് നാലു സൂപ്പര്‍ സീരീസ് കിരീടങ്ങളാണ്. ഒരു ഇന്ത്യക്കാരന് ആദ്യമായാണ് നാലു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടുന്നത്.
ലോകതലത്തില്‍ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ കലണ്ടര്‍ വര്‍ഷം നാലു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടുന്ന നാലാമത്തെ പുരുഷ സിംഗിള്‍സ് താരമാണ് ശ്രീകാന്ത്. ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ജയത്തോടെ പുതിയ റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍ ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തും. നിലവില്‍ നാലാം സ്ഥാനത്താണ് ശ്രീകാന്ത്.
കഴിഞ്ഞ കുറെക്കാലമായി മലേഷ്യയുടെ ലീ ചോംഗ് വീയും ചൈനയുടെ ലിന് ഡാനും ബാഡ്മിന്റണ്‍ അടക്കിഭരിക്കുകയായിരുന്നു. ഇപ്പോള്‍ ആ കാലം അവസാനിച്ചു. വേറേ താരങ്ങൾക്കും ചാമ്പ്യന്മാരാകുന്ന കാലമായി. ഞാനും വിക്ടര്‍ അക്സല്സും കൂടാതെ മറ്റു പലര്‍ക്കും ജേതാക്കളാകാമെന്ന കാലമായി.
ഇന്ത്യക്കാര്‍ക്കു പോലും ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാകാമെന്നായിരിക്കുന്നു. ഇത് നല്ലതാണ്- ശ്രീകാന്ത് പറഞ്ഞു. ഇക്കാലത്ത് നന്നായി കളിക്കുന്ന പല കളിക്കാരുമുണ്ട്. ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. അതുകൊണ്ട് എപ്പോഴും മികച്ചവനായി നില്‍ക്കേണ്ടത് ആവശ്യമാണ്- ഇന്ത്യന്‍ താരം പറഞ്ഞു.
എന്നാല്‍ താന്‍ റാങ്കിനെ ക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് താരം പറഞ്ഞത്. ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തിയാല്‍ ആ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാകും. വനിതകളില്‍ സൈന നെഹ് വാളാണ് ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി.