കോപ്പൻഹേഗൻ: ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ഈ സീസണിലെ മൂന്നാം സൂപ്പർ സീരീസ് കിരീടം. ഡെൻമാർക്ക് സൂപ്പർ സീരീസ് ഫൈനലിൽ കൊറിയൻ എതിരാളി ലീ ഹ്യുൻ ഇലിനെ വെറും 25 മിനിറ്റിൽ കെട്ടുകെട്ടിച്ചാണ് ശ്രീകാന്തിന്റെ നേട്ടം. സ്കോർ: 21-10, 21-5. മൊത്തത്തിൽ ശ്രീകാന്തിന്റെ അഞ്ചാം സൂപ്പർ സീരീസ് കിരീടമാണിത്.
ശനിയാഴ്ച വോങ് വിങ് കി വിൻസെന്റിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് 750,000 ഡോളർ സമ്മാനത്തുകയുള്ള ഡെൻമാർക്ക് സൂപ്പർ സീരീസ് ഫൈനലിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ലോക ഒന്നാം നന്പർ താരത്തെയും ശ്രീകാന്ത് പരാജയപ്പെടുത്തി.