തിരുവനന്തപുരം: കേരള പോലീസിന്റെ ആപ്പിന് “പൊല്ലാപ്പെന്ന്’ പേരിട്ടപ്പോൾ, പോലീസിന്റെ “നോട്ടപ്പുള്ളി’ ആകുമെന്നാണ് ശ്രീകാന്ത് പ്രതീക്ഷിച്ചത്. പക്ഷേ ശ്രീകാന്തിന് സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് പോലീസ് ഞെട്ടിച്ചു. ശ്രീകാന്ത് നിർദേശിച്ച “പൊല്ലാപ്പ്’ എന്ന പേര് ’പോൽ-ആപ്പ്’ എന്നു പരിഷ്കരിച്ച്, തങ്ങളുടെ ആപ്പിന് പോലീസ് പേരിടുകയും ചെയ്തു!.
ഇതോടെ വെഞ്ഞാറമൂട് ആറാംതാനം ഹേമന്ത് ഭവനിൽ ശ്രീകാന്ത് സോഷ്യൽ മീഡിയയിലും താരമായി മാറിയിരിക്കുകയാണ്. പ്രവാസിയായ ശ്രീകാന്ത് ദുബായിൽ ജോലി ചെയ്തുവരികയാണ്. കേരള പോലീസിന്റെ നിലവിലുള്ള എല്ലാ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ച് തയാറാക്കിയ ആപ്പിന് പേരു നിർദേശിക്കാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
വിവരം പങ്കു വച്ചു കൊണ്ടുള്ള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പേരുകളുടെ പെരുമഴ. ഇതു കണ്ടതോടെ പോസ്റ്റിനു ചുവട്ടിൽ ശ്രീകാന്ത് ഇങ്ങനെ കുറിച്ചു, ’’ പൊല്ലാപ്പ്..പോലീസിന്റെ പോലും ആപ്പിന്റെ ആപ്പും. തേങ്ക്സ്’’.
ലൈക്കും സ്മൈലിയും ഒക്കെയായി ദിവസങ്ങൾ കൊണ്ട് ശ്രീകാന്തിന്റെ പേരിന് കിട്ടിയത് ആയിരങ്ങളുടെ അഭിന്ദനം. ഇതോടെ പോലീസും തീരുമാനിച്ചു, ആപ്പ് ഇനി പോൽ-ആപ്പ് എന്ന പേരിൽ തന്നെ അറിയപ്പെടട്ടെയെന്ന്!
നാളെ ആപ്പിന്റെ ഓണ്‍ലൈൻ പ്രകാശനം നിർവഹിക്കുന്നതിനൊപ്പം ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ഉപഹാരവും നൽകും.
പോലീസ് കന്പ്യൂട്ടർ സെല്ലിന്റെ നേതൃത്വത്തിൽ തയാറാക്കിയ പോൽ-ആപ്പിൽ പൊതുജന സേവന വിവരങ്ങൾ, ജനമൈത്രി സേവനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സുരക്ഷാ നിർദേശങ്ങൾ, പൊതു സുരക്ഷാ മാർഗനിർദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്ഐആർ ഡൗണ്‍ലോഡ്, സൈബർ ബോധവത്കരണം, ട്രാഫിക് നിയമങ്ങൾ, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, ബോധവത്കരണ ഗെയിമുകൾ, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നന്പറുകൾ ഇ-മെയിൽ വിലാസങ്ങൾ, ഹെൽപ് ലൈൻ നന്പറുകൾ, വെബ്സൈറ്റ് ലിങ്കുകൾ, സാമൂഹിക മാധ്യമ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.