ബൊലാന്റ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശ്രീകാന്ത് ബൊല്ല. ഒരു കമ്പനിയുടെ സിഇഒ എന്നതല്ല ഇദ്ദേഹത്തെ ലോകപ്രശസ്തനും വ്യത്യസ്തനുമാക്കുന്നത്. അന്ധനെന്ന വിശേഷണത്തെ കൂടെക്കൂട്ടിയായിരുന്നു ശ്രീകാന്തിന്റെ ജനനം എന്നതും ആ അവസ്ഥയില്‍ ജീവിച്ച്, പഠിച്ചാണ് അദ്ദേഹം ഈ പദവിയില്‍ എത്തിയതെന്നതും ഈ അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം തന്റെ കമ്പനിയെ നയിച്ചുകൊണ്ടുപോവുന്നതെന്നുമാണ് ശ്രീകാന്ത് ബൊല്ലയെ വ്യത്യസ്തനും അനേകരുടെ ആരാധനാപാത്രവുമാക്കുന്നത്.
വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ശ്രീകാന്തിനെ ജനിച്ചപ്പോള്‍ അന്ധനായതുകാരണം കൊന്നുകളയാന്‍ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളോട് നിര്‍ദേശിച്ചു. മാതാപിതാക്കള്‍ പക്ഷേ അവനെ വളര്‍ത്താന്‍ തന്നെ തീരുമാനിച്ചു. കഴിയുന്നവിധത്തില്‍ അവരവന് വിദ്യാഭ്യാസവും കൊടുത്തു. പഠനസ്ഥലങ്ങളിലും കളിസ്ഥലത്തുമെല്ലാ കൂട്ടുകാര്‍ അവനെ ഒറ്റപ്പെടുത്തുമായിരുന്നു. പത്താം ക്ലാസ്സില്‍ 90 സതമാനം മാര്‍ക്ക് ശ്രീകാന്ത് കരസ്ഥമാക്കിയെങ്കിലും അന്ധനെന്ന ഒറ്റക്കാരണത്താല്‍ സയന്‍സ് സ്ട്രീമില്‍ സ്കൂളില്‍ ശ്രീകാന്തിന് അഡ്മിഷന് കിട്ടിയില്ല. നീതി യാചിച്ച് കോടതിയെ സമീപിച്ച ശ്രീകാന്തും കുടുംബവും വിജയിക്കുകയും സയന്‍സ് വിഭാഗത്തില്‍ അദ്ദേഹത്തിന് പ്ലസ്ടുവില്‍ അഡ്മിഷന് ലഭിക്കുകയും ചെയ്തു.
പന്ത്രണ്ടാം ക്ലാസില്‍ 98 സതമാനം മാര്‍ക്കോടെയായിരുന്നു ശ്രീകാന്തിന്റെ വിജയം. ഐഐടിയില്‍ ചേര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹിച്ച ശ്രീകാന്തിന് കോച്ചിംഗ് സെന്ററില്‍ അഡ്മിഷന് ലഭിച്ചില്ല. പിന്നീട് പുറം രാജ്യങ്ങളില്‍ പഠിക്കാനായി ശ്രീകാന്തിന്റെ ശ്രമം. അങ്ങനെ MIT, Standford,Berkeley,Carnegi Mellon എന്നീ നാല് മികച്ച കോളജുകള്‍ ശ്രീകാന്തിനെ തെരഞ്ഞെടുത്തു. പിന്നീട് അമേരിക്കയിലെ MIT കോളജില്‍ സ്കോളര്‍ഷിപ്പോടെ പഠനവും തുടങ്ങി. MIT കോളജിലെ ആദ്യത്തെ അന്ധ വിദ്യാര്‍ത്ഥിയും ശ്രീകാന്തായിരുന്നു.
2012 ല്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം ബൊലാന്റെ ഇന്്സ്ട്രീസ് എന്ന പേരില്‍ കമ്പനി തുടങ്ങി. ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുമുണ്ടായിരുന്നു ധാരാളം പ്രത്യേകതകള്‍. അവരില്‍ ബഹുഭൂരിപക്ഷം ആളുകളും വൈകല്യങ്ങളുള്ളവരും പാവപ്പെട്ടവരുമായിരുന്നു. ഇപ്പോള്‍ 450 ജീവനക്കാരുള്ള ഈ കമ്പനിയുടെ ആസ്തി അമ്പത് കോടിയാണ്. രത്തന്‍ ടാറ്റ ഈ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2017 ഏപ്രിലില്‍ ഫോര്‍ബ്സ് മാഗസിന്റെ ലോകത്തിലെ 30 വയസിനു താഴെയുള്ള 30 സംരഭകരുടെ ലിസ്റ്റില്‍ ശ്രീകാന്ത് സ്ഥാനം നേടി. ലോകം എന്നെ അന്ധനായി കാണുന്നു എനിക്ക് ഒന്നും സാധിക്കില്ല എന്ന് പലരും പറയുന്നു. എന്നാല്‍ ഞാന്‍ അവരോട് പറയുന്നു, എനിക്ക് എല്ലാം സാധിക്കും എന്ന്. ശ്രീകാന്ത് ബൊല്ല പറയുന്നു.