വുഹാന്‍( ചൈന): ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേട്ടങ്ങളും നഷ്ടവും. പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത് പുറത്തായി. എന്നാല്‍, പി.വി. സിന്ധു, സൈന നെഹ്വാള്, സമീര്‍ വര്‍മ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ ഡബിള്‍സില്‍ ഇന്ത്യയുടെ വെല്ലുവിളികളെല്ലാം അവസാനിച്ചു.
ലോക എട്ടാം റാങ്ക് ശ്രീകാന്ത് ലോക 51-ാം റാങ്കിലുള്ള ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെന്‍ റുസ്താവിറ്റോയോട് 21-16, 22-20ന് തോറ്റു. മറ്റൊരു പുരുഷ സിംഗിള്‍സില്‍ മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ സമീര്‍ വര്‍മ 21-13, 17-21, 21-18ന് ജപ്പാന്റെ കുസുമാസ സകായിയെ തോല്‍പ്പിച്ചു.
വനിതാ സിംഗിള്‍സുകളില്‍ സിന്ധു 21-14, 21-7ന് ജപ്പാന്റെ സയാക താകാഹാഷിയെ തോല്‍പ്പിച്ചു. 12-21, 21-11, 21-17ന് സൈന ചൈനയുടെ ഹാന്‍ യൂവിനെ പരാജയപ്പെടുത്തി.