ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കു നിരാശയുടെ ദിനം. പ്രധാനതാരം പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായി. എന്നാല്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലെത്തിയത് ഇന്ത്യക്ക് ആശ്വാസമാകുന്നു. എച്ച്. എസ്. പ്രണോയിയും പുറത്തായി.
ഉജ്വലമായി പോരാടിയ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോറ്റത്. ചൈനയുടെ ഗവോ ഫാങ്ജിയോട് 18-21, 19-21നാണ് സിന്ധുവിന്റെ തോല്‍വി. ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് സിന്ധു ആദ്യ റൗണ്ടുകളില്‍ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡെന്മാര്ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം പുറത്തായിരുന്നു.
മുന്‍ ലോക ഒന്നാം നമ്പര്‍ ശ്രീകാന്ത് അധികം വിയര്‍പ്പൊഴുക്കാതെയാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ തന്നെ തോല്‍പ്പിച്ച ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ 21-15, 21-14നാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം കൊറിയയുടെ ലീ ഡോംഗ് ക്യുനിനെ നേരിടും.
പ്രണോയിയെ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിഗാണ് പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയവരെ തോല്‍പ്പിച്ചെത്തിയ ഇന്ത്യയുടെ മനു അത്രി-ബി. സുമിത് റെഡ്ഡി സഖ്യം 18-21, 21-16, 12-21ന് ചൈനയുടെ ഹി ജിറ്റിംഗ്-ടാന്‍ ക്വിംഗ് സഖ്യത്തോടു തോറ്റു. മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-എന്‍. സികി റെഡ്ഡി സഖ്യം 16-21, 16-21ന് മലേഷ്യയുടെ ചാന് പെംഗ് സൂണ്‍-ഗോവ ലിയു യിംഗ് കൂട്ടുകെട്ടിനോടു പരാജയപ്പെട്ടു.