ന്യൂഡല്‍ഹി: ഇരുപത്തിയൊന്നു മുതല്‍ ഗ്ലാസ്ഗോയില്‍ ആരംഭിക്കുന്ന ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി. വി. സിന്ധുവും ലോക എട്ടാം നമ്പര്‍ താരം കിഡംബി ശ്രീകാന്തും സീഡിംഗിൽ ആദ്യ പത്തിൽ.
സിന്ധു നാലാം സീഡും കിഡംബി എട്ടാം സീഡുമാണ്. അതേസമയം ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ തായ് സു യിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പിന്മാറി. ജപ്പാന് താരം അകാനെ യമാഗുച്ചി, കൊറിയന്‍ താരം സുംഗ് ജി ഹ്യുന്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സീഡ്.
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും 2013, 2014 ലോക ചാംമ്പ്യന്‍ഷിപ്പ് വിജയിയുമായ കരോലിന മാരിനാണ് സിന്ധുവിന് തൊട്ടു മുന്നില്‍. ലോക പതിനാറാം നമ്പര്‍ താരവും 2015 ലോകചാംമ്പ്യന്‍ഷിപ്പ് വെളളി ജേതാവുമായ ഇന്ത്യന്‍ താരം സൈന നെഹ്വാള് പന്ത്രണ്ടാം സീഡാണ്.
പുരുഷവിഭാഗത്തില്‍ രണ്ട് ഒളിമ്പിക് കിരീടവും അഞ്ച് ലോക ചാമ്പ്യന്‍ഷിപ്പും നേടിയ ചൈനീസ് താരം ലിന് ഡാന്‍ ആണ് ശ്രീകാന്തിനു തൊട്ടു മുകളില്‍. ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി ശ്രീകാന്ത് കിരീടം നേടിയിരുന്നു. അജയ് ജയറാം, ബി.സായ് പ്രണീത് എന്നിവര്‍ യഥാക്രമം 13,15 സീഡാണ്.
മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഢി സഖ്യം പതിനഞ്ചാം സീഡാണ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന സയിദ് മോദി ഗ്രാന്‍ഡ് പ്രിക്സ് ഗോള്‍ഡ് ഈ സഖ്യം വിജയിച്ചിരുന്നു.