കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പോലീസില്‍ കീഴടങ്ങി. ഇന്നു രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കുമെന്നാണ് അറിയുന്നത്.കൊല്ലം സ്വദേശിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.
കൊച്ചിയിലെ ഫ്ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ശ്രീകാന്തിന്റെ വാദം.
യുവതിയുടെ പരാതിയില്‍ ബലാല്‍സംഗ കുറ്റം ചുമത്തി ശ്രീകാന്തിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
ഇതിനു പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയിരുന്നു. യുവതി ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ശ്രീകാന്തിനെതിരേ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് യുവതി സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.