ആർ. സി. ദീപു
നെടുമങ്ങാട്: ചിത്രംവരയിൽ വ്യത്യസ്തനായി ഇന്ത്യാബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയിരിക്കുകയാണ് നെടുമങ്ങാട് കരിപ്പൂര് ശ്രീനിലയത്തിൽ എസ്.ശ്രീകാന്ത്.
വിവിധ തരം റബർ സീലുകൾ ഉപയോഗിച്ചു മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ചാണ് ശ്രീകാന്ത് ഈ നേട്ടം കൈവരിച്ചത്.
പത്ത് അടി നീളവും എട്ട് അടി വീതിയുമുള്ള ചിത്രം രണ്ട് മണിക്കൂർ കൊണ്ടാണ് ശ്രീകാന്ത് പൂർത്തിയാക്കിയത്.
പ്ലൈവുഡ് ബോർഡിൽ പേപ്പർ ക്യാൻവാസിൽ റബർ സീൽ മഷിയിൽ മുക്കിയാണ് ചിത്രം വരച്ചത്. സ്റ്റാമ്പ് ആർട്ട് വ്യത്യസ്തമായ രീതിയിൽ ചെയ്യണമെന്ന മോഹമാണ് ഇതിലൂടെ പൂവണിഞ്ഞതെന്ന് ശ്രീകാന്ത്പറഞ്ഞു.
ഇന്ത്യ ബുക്ക് ഓഫ് റിക്കർഡ്സിൽ ഇടം നേടിയതിന് പിന്നാലെ ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്, ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ് എന്നിവയിൽ ഇടം നേടാനുള്ള പരിശ്രമത്തിലാണ്.റിട്ട അധ്യാപകനായ സുകുമാരന്റെയും കുമാരിയുടെയും മകനാണ് ശ്രീകാന്ത്.
ഭാര്യ സ്വാതി,ജാനകി മകളാണ്. കേക്ക് ആൻഡ് ആർട്ട് ഉടമയായ ശ്രീകാന്ത്അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ്.