എസ്.ആർ.സുധീർകുമാർ
കൊല്ലം: വിഷു വിപണി ലക്ഷ്യമിട്ട് കൃഷ്ണശിൽപ്പങ്ങൾ നിർമിച്ച് വിൽപ്പന നടത്താൻ എത്തിയ അതിഥി കലാകാരന്മാർ ദുരിതത്തിൽ. രാജസ്ഥാനിൽ നിന്ന് എത്തിയ നാല് കുടുംബങ്ങളിലെ ഇരുപതോളം പേരാണ് കഷ്ടതയിൽ കഴിയുന്നത്.ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും.
കൊട്ടിയത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. കഴിഞ്ഞ വിഷുവിനും ഇവർ എത്തിയിരുന്നു. കഴിഞ്ഞ തവണ ശിൽപ്പങ്ങൾ കാര്യമായി വിറ്റുപോയതിനാൽ ഇക്കുറി വളരെ നേരത്തെ എത്തി.ആയിരത്തോളം കൃഷ്ണ ശിൽപ്പങ്ങൾ അച്ചിൽ വാർത്തെടുത്ത് നിറം നൽകി വിൽപ്പനയ്ക്കായി തയാറാക്കി.
എന്നാൽ ഇവരുടെ പ്രതീക്ഷകളുടെ നിറം കെടുത്തി തൊട്ടടുത്ത ദിവസം രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നു. ശിൽപ്പങ്ങളുമായി പുറത്തു പോകാൻ പോലും കഴിയാത്ത അവസ്ഥയിലായി ഇവർ. ദേശീയപാതയോരത്ത് നിരത്തി വച്ചായിരുന്നു നേരത്തെ ശിൽപ്പങ്ങൾ വിറ്റിരുന്നത്.
നിത്യ ചെലവിനുപോലും പണം കിട്ടായതോടെ ഇവരിൽ ചിലർ ശിൽപ്പം വിൽക്കാൻ റോഡിൽ ഇറങ്ങി. പക്ഷേ വിൽപ്പന മാത്രം നടക്കുന്നില്ല. വിജനമായ വീഥികളിൽ ഇവ കാണാൻ പോലും ആരുമില്ല. അത്യാവശ്യത്തിന് പോകുന്ന വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്.
റോഡിൽ വിൽപ്പനയ്ക്കായി ഇരിക്കുമ്പോഴും പോലീസ് വന്ന് വിലക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. ഏതായാലും കൊറോണക്കാലം ഇവരുടെ വിഷു പ്രതീക്ഷകൾ തല്ലിക്കെടുത്തിയിരിക്കയാണ്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടുകളിൽ കുടിവെള്ളവും ഇല്ല.
ഇതു കാരണം ഭക്ഷണം പാചകം ചെയ്യാൻ പോലും കഴിയുന്നില്ല. പഞ്ചായത്ത് അധികൃതരുടെയും നല്ലവരായ അയൽക്കാരുടെയും സഹായത്തോടെയാണ് ഇവർ ഓരോ ദിവസവും തള്ളി നീക്കുന്നത്.
എത്രയും പെട്ടെന്ന് നാട്ടിൽ തിരികെ എത്തണമെന്നാണ് ഇവരുടെ ആഗ്രഹം. ലോക് ഡൗൺ നീക്കി അന്തർ സംസ്ഥാന വാഹന ഗതാഗതം പുനസ്ഥാപിക്കും വരെ ഇവർക്ക് ഇവിടെ തന്നെ തുടരുകയേ മാർഗമുള്ളൂ.