ലീമ തോമസ്
തൃശൂർ: ശ്രീകുമാർ ആന്പല്ലൂർ എന്ന കലാകാരൻ വൈക്കോലിൽ തീർത്ത തിരുവത്താഴ ശില്പം തൃശൂർ മൃഗശാല ആർട്ട് ഗാലറിയിൽ പ്രദർശനം തുടങ്ങിയിട്ട് ഈ ഈസ്റ്റർ ദിനത്തിൽ ഇരുപതു വർഷം പൂർത്തിയാകുന്നു. ഇത്രയും വർഷമായിട്ടും ഈ വൈക്കോൽ ശില്പത്തിനു യാതൊരു മങ്ങലും വന്നിട്ടില്ല.
എട്ടടി നീളവും നാലടി വീതിയുമുള്ള ശില്പം ആറുമാസം സമയമെടുത്താണ് ശ്രീകുമാർ നിർമിച്ചത്. ട്രീറ്റ് ചെയ്തെടുത്ത വൈക്കോലായതിനാൽ എത്ര കാലം വേണമെങ്കിലും കേടുകൂടാതെയിരിക്കും.
അന്ന് ആർട്ട് ഗാലറിക്കു സൗജന്യമായാണ് ശ്രീകുമാർ ശില്പം നൽകിയത്.ഈർക്കിലി ശില്പനിർമാണത്തിലൂടെ ശ്രീകുമാർ പ്രശസ്തനാണ്.
യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ വേൾഡ് റിക്കാർ ഡ്സ് ഇദ്ദേഹത്തിന്റെ ഈർക്കിലി ശില്പങ്ങൾക്കു ലഭിച്ചിട്ടുണ്ട്. കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ നാഷണൽ അവാർഡും ഈർക്കിലി ശില്പങ്ങൾക്കു ലഭിച്ചു.
ക്ഷേത്രം, പള്ളി, കാളവണ്ടി, പട്ടാളക്കാരൻ തുടങ്ങി എന്തു വിഷയവും ശ്രീകുമാർ ഈർക്കിലി ശില്പങ്ങളാക്കും. അബ്ദുൾ കലാമിന്റെയും മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും വൈക്കോൽ ശില്പങ്ങളുണ്ടാക്കി അവർക്കു സമ്മാനിച്ചതു ജീവിതത്തിലെ വലിയ ഭാഗ്യമായി ശ്രീകുമാർ കാണുന്നു.
യേശുദാസിന് ഈർക്കിലി കൊണ്ട് ഗ്രാമഫോണ് ഉണ്ടാക്കി സമ്മാനിച്ചിട്ടുണ്ട്.നൂറിൽ കൂടുതൽ ശില്പങ്ങൾ ശ്രീകുമാർ ഉണ്ടാക്കിക്കഴിഞ്ഞു. മുപ്പതോളം ശില്പങ്ങൾ വീട്ടിൽതന്നെ പകൽ മ്യൂസിയമാക്കി പ്രദർശിപ്പിക്കുന്നുണ്ട്.
തന്റെ ശില്പങ്ങളൊന്നും ശ്രീകുമാർ അധികം വില്പനയ്ക്കു വയ്ക്കുന്നില്ല. കാരണം, അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമാണ് ഒരു അപൂർവ കലാ മ്യൂസിയം തൃശൂരിൽ വേണമെന്നത്.
തന്റെ ആഗ്രഹം നിറവേറിയാൽ വ്യത്യസ്തമായ ശില്പങ്ങൾക്കും ശില്പികൾക്കും കിട്ടുന്ന വലിയ പ്രോത്സാഹനം മാത്രമല്ല നമ്മുടെ നാടിന്റെ അഭിമാന സ്തംഭമായും അതു മാറുമെന്നു ശ്രീകുമാർ പറയുന്നു.
കേരള സർക്കാരിന്റെ തൃശൂരിലെ മ്യൂസിയം പദ്ധതി പ്രാവർത്തികമാകുന്പോൾ തന്നെപ്പോലുള്ള ഒരുപാട് കലാകാരന്മാരുടെ അപൂർവ സൃഷ്ടികൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഒരിടമാകുമെന്നു ശ്രീകുമാർ വിശ്വസിക്കുന്നു.
അങ്ങനെ വന്നാൽ തന്റെ ശില്പങ്ങൾ സൗജന്യമായി കൊടുക്കാനും തയാറാണെന്നു ശ്രീകുമാർ പറഞ്ഞു. ഈ ആഗ്രഹത്താലാണ് ശ്രീകുമാർ ശില്പങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്നത്.
അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്ന ശ്രീകുമാർ വിരമിച്ചശേഷം തന്റെ സമയം ശില്പനിർമാണത്തിനും കലാ പ്രവർത്തനങ്ങൾക്കുമായി മാറ്റിവച്ചിരിക്കുകയാണ്.