യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തത് ദിലീപിന്റെ പരാതിയും അന്വേഷിച്ചുവെന്ന് വരുത്താനെന്ന് റിപ്പോര്‍ട്ട്. ദിലീപ് ആരോപണം ഉന്നയിച്ച പൃഥ്വിരാജ്, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ പരാതിയില്‍ പോലീസിന് ഇതുവരെ ഒരു തെളിവും കിട്ടിയിട്ടില്ല. എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ വാദം പൊളിക്കാന്‍ തന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയില്ലെന്ന വാദം ദിലീപ് ഉയര്‍ത്തുമെന്ന് മനസ്സിലാക്കിയാണ് ശ്രീകുമാറിനെ പോലീസ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച മൊഴികളില്‍ പരാമര്‍ശമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മോനോനെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ശ്രീകുമാര്‍ മേനോന് തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘത്തിന് നടന് ദിലീപ് മൊഴി നല്‍കിയിരുന്നു. ആലുവ പോലീസ് ക്ലബില്‍ രണ്ടു മണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടു.
തന്റെ കുടുംബജീവിതം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്നു ദിലീപ് കുറ്റപ്പെടുത്തിയിരുന്നു. മുംബൈ കേന്ദ്രമാക്കിയാണ് ഗൂഢാലോചനയെന്നായിരുന്നു ദിലീപിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചു വരുത്തിയത്. മഞ്ജു വാര്യരുമായി തനിക്ക് ഉള്ളത് പ്രൊഫഷണല്‍ ബന്ധമാണെന്ന് ശ്രീകുമാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. മറിച്ചുള്ള പ്രചരണമെല്ലാം വ്യാജമാണ്. ദിലീപിനെതിരെ നീങ്ങേണ്ട സാഹചര്യം തനിക്കില്ല. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് മാനസിക പിന്തുണ നല്കിയ സിനിമാക്കാര്‍ക്കൊപ്പം താനുമുണ്ടായിരുന്നു. ഇതുകൊണ്ടാണ് അടിസ്ഥാന രഹിതമായ വാദങ്ങള്‍ ദിലീപ് ഉയര്‍ത്തുന്നതെന്നും ശ്രീകുമാര്‍ മൊഴി നല്കി. വിവാഹമോചനത്തിനു ശേഷം തിരിച്ചെത്തിയ മഞ്ജു ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. മോഹന്‍ലാല്‍ നായനാകുന്ന ഒടിയനും രണ്ടാമൂഴവും ഒരുക്കുന്നതും ശ്രീകുമാര്‍ മേനോനാണ്. ഒടിയനില്‍ നായികയായി എത്തുന്നതു മഞ്ജു വാര്യരാണ്. ശ്രീകുമാര്‍ മേനോനെതിരെ ദിലീപ് ചില വിവരങ്ങള്‍ പോലീസിനോട് പറഞ്ഞതായി വിവരമുണ്ട്. ദിലീപിന്റെ ആരോപണങ്ങളെല്ലാം വെറും സംശയങ്ങള്‍ മാത്രമാണെന്നായിരുന്നു ശ്രീകുമാര്‍ വിശദീകരിച്ചത്.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവര്‍ത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതിയില്‍ ആരാഞ്ഞിരുന്നു. പള്‍സര്‍ സുനി സഹതടവുകാരന് വിഷ്ണുവിന്റെ പേരില്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ച ഫോണ്‍ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ പേര് പരാമര്‍ശിക്കുന്നത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി രൂപ നല്കാന് സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. നടന് പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളാണ് കോളില്‍ പരാമര്‍ശിച്ചിരുന്നത്. പൂര്‍ണ്ണിമയും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട നടിയുമായും ഇവര്‍ക്ക് അടുപ്പമുണ്ട്.