മഞ്ജുവാര്യരെ സഹായിക്കാന്‍ തുടങ്ങിയ അന്നു മുതലാണ് തനിക്ക് ശത്രുക്കളുണ്ടായതെന്ന് സംവിധായകന്‍ വി. എ ശ്രീകുമാര്‍ മേനോന്‍. ഇതിന്റെ പ്രതിഫലനമാണ് ഒടിയനെതിരായ ആക്രമണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നു മുതലാണ് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിനാല്‍ ഈ വിഷയത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പറഞ്ഞു.വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ പിന്നീട് പരസ്യ രംഗത്തേക്ക് എത്തുന്നത് ശ്രീകുമാര്‍ മേനോന്റെ പിന്തുണയോടെയായിരുന്നു.
മഞ്ജുവിന് എതിരായ മുഴുവന്‍ ശത്രുതയും സിനിമയ്ക്ക് മേല്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും, എന്നാല്‍ മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ശ്രീകുമാര്‍മേനോന്‍-മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ഡിസംബര്‍ 14ന് റിലീസ് ചെയ്തത്. കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ആദ്യ ദിനം മുതല്‍ സിനിമയ്ക്കെതിരേ വലിയ രീതിയില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കൂടാതെ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജിലും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.