തൃശൂർ∙ കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പി ഉയർത്തിയ പാട്ട് വിവാദത്തിൽ പ്രതികരണവുമായി യുവ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ.
ശ്രീകുമാരന്‍ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തില്‍ അദ്ദേഹത്തോട് ഒപ്പം നില്‍ക്കുന്നുവെന്ന് ഹരിനാരായണൻ പറഞ്ഞു. മലയാളത്തിന് ഉന്നതമായ പാട്ടുകൾ സമ്മാനിച്ച ആളാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് താന്‍ എഴുതിയ ഏറ്റവും നല്ല വരി പോലും. അദ്ദേഹത്തിന്റെ വരികളുടെ ഏഴയലത്ത് പോലും എത്താത്ത വരികളാണ് എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഹരിനാരായണൻ കൂട്ടിച്ചേർത്തു.
മലയാളി ഇന്നു പാടി നടക്കുന്ന പ്രണയഗാനങ്ങളെല്ലാം നൽകിയത് ശ്രീകുമാരൻ തമ്പിയാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി എനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ല. ഈ വിവാദത്തില്‍ എന്റെ പേര് വലിച്ചിഴച്ചതില്‍ വലിയ വിഷമമുണ്ടെന്ന് ഹരിനാരായണന് മാധ്യമങ്ങളോട് പറഞ്ഞു.
സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് വിളിച്ച് ഒരു പാട്ട് വേണം എന്ന് പറഞ്ഞപ്പോഴാണ് താൻ ഈ പാട്ടിലേക്ക് എത്തുന്നതെന്നും ഹരിനാരായണൻ പറഞ്ഞു. പാട്ടില്‍ വരേണ്ട വിഷയങ്ങളും അദ്ദേഹം പറഞ്ഞു. എന്റെ തൊഴില്‍ പാട്ട് എഴുതി കൊടുക്കുന്നതാണ്. ചെയ്യാം എന്നു താൻ പറഞ്ഞെന്നും ഹരിനാരായണൻ കൂട്ടിച്ചേർത്തു.
മേല്‍ കമ്മിറ്റിയുടെ സ്ക്രീനിംഗിന് ശേഷം മാത്രമേ പാട്ടിന് അംഗീകാരം ലഭിക്കൂ എന്നാണ് സച്ചിദാനന്ദന് പറഞ്ഞത്. ഒക്ടോബര്‍ 24,25 തീയതികളിലാണ് ഞാന്‍ പാട്ടെഴുതി കൊടുത്തത്. എഴുതിയ പാട്ട് നോക്കിയ സച്ചിദാനന്ദന് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടു. അത് ഞാന്‍ ചെയ്ത് കൊടുത്തു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം മേല്‍ കമ്മിറ്റി കണ്ടു. അവരും ചില തിരുത്തലുകള്‍ നിര്‍ദേശിച്ചതായി സച്ചിദാനന്ദന് പറഞ്ഞു. തിരുത്തലുകള്‍ വരുത്തി ഞാന്‍ പാട്ട് വീണ്ടും കൊടുക്കുകയും ചെയ്തു. വരികള്‍ ഓകെയാണെന്ന് പറഞ്ഞു. അതില്‍ ഇനി സംഗീതം വേണം. ഒരു പാട്ടാകുന്നതുമായി ബന്ധപ്പെട്ട് ഒരു അംഗീകാരം കൂടി വേണമെന്ന് ഞാന്‍ അറിഞ്ഞു. അതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നാണ് സച്ചിദാനന്ദനില്‍ നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞത്’- ഹരിനാരായണന് പറഞ്ഞു.