തിരുവനന്തപുരം: സംസ്ഥാന സർക്കാരിനായി ശ്രീകുമാരൻ തമ്പി എഴുതിയ കേരള ഗാനം കമ്മിറ്റി നിരാകരിച്ചതായി കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ. ഹരി നാരായണന്റെ പാട്ടാണ് അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാട്ടിന് ബിജിപാൽ സംഗീതം നൽകും. തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് സാഹിത്യ അക്കാദമി തന്നെ അപമാനിച്ചതായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നു.
സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയും ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ടാണ് ഗാനം എഴുതി നൽകിയതെന്നും തുടർന്ന് അക്കാദമിയിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലന്ന് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു.
തുടർന്ന് കേരളഗാനം ക്ഷണിക്കുന്നു എന്ന് ചാനലുകളിൽ പരസ്യം നൽകി തന്നെ അപമാനിച്ചെന്നും ഇതിനു സാംസ്കാരിക മന്ത്രി ഉത്തരം പറയണമെന്നും ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടിരുന്നു.
സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരൻ തമ്പി പറഞ്ഞത് ഗൗരവമുള്ള കാര്യമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. പ്രശസ്തമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി തന്നെ വിഷയത്തിൽ ഇടപെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ വിഷയത്തിൽ ഇടപെടും. ശ്രീകുമാരൻ തന്പിയുമായി സംസാരിക്കും. അദ്ദേഹത്തെ നേരിട്ട് കണ്ട് പ്രശ്ന പരിഹാരത്തിനു ശ്രമിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.