ചാരുംമൂട്: ആയിരം വാക്കുകളേക്കാൾ വാചാലമാണ് ഒരു മനോഹര ചിത്രം. ലോക്ക് ഡൗണ് കാലത്ത് മനസിലെ ഭാവനകളെ കാൻവാസിൽ പകർത്തി വർണലോകം തീർക്കുകയാണ് ഒരു പ്രവാസി.
ദുബായിൽ പരസ്യ കന്പനിയിൽ ഡിസൈനറായി ജോലി ചെയ്തുവരുന്ന നൂറനാട് മുതുകാട്ടുകര സോപനത്തിൽ ശ്രീകുമാർ കാമിയോ ആണ് കോവിഡ് കാലത്തെ ലോക്ക് ഡൗണിൽ ചിത്രകലയിൽ പുത്തൻ സാധ്യതകൾ തേടുന്നത്.
24 ദിവസം മുന്പ് ഗൾഫിൽ നിന്നു നാട്ടിലെത്തിയ ശ്രീകുമാർ വീട്ടിലെ ഒഴിവുസമയം പൂർണമായും ചിത്രം വരയ്ക്കാനായി മാറ്റിവയ്ക്കുകയായിരുന്നു. തന്റെ മനസിൽ തെളിയുന്ന എന്തിനെയും നിമിഷങ്ങൾകൊണ്ട് മനോഹരമായി വരയ്ക്കുന്നു എന്നതാണ് ശ്രീകുമാറിനെ വ്യത്യസ്തനാക്കുന്നത് .
കുട്ടിക്കാലം മുതൽ ശ്രീകുമാറിന് ചിത്ര രചനയോട് വലിയ താൽപര്യമായിരുന്നു. സ്കൂൾ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.
പ്രകൃതി മനോഹാരിതയും മനുഷ്യമുഖ ഭാവങ്ങളും ചിത്രങ്ങൾക്ക് വിഷയമാകുന്നു. മോഹൻലാൽ, മഞ്ജു വാര്യർ, മോനിഷ, അടൂർ ഗോപാലകൃഷ്ണൻ, നെടുമുടി വേണു, ആർട്ടിസ്റ്റ് നന്പൂതിരി, മജീഷ്യൻ മുതുകാട് തുടങ്ങി പ്രശസ്തരായ നിരവധി പേരുടെ ഛായാ ചിത്രങ്ങൾ ശ്രീകുമാർ വരച്ചിട്ടുണ്ട്.
നാട്ടുചന്ത, ചിലന്പ്, സന്ധ്യാ ദീപം, കഥകളി മുഖം, പൊൻപുലരി എന്നീ ഗ്രാമീണതയുടെ ആവിഷ്ക്കാരവും കാൻവാസിൽ പകർത്തി. വാട്ടർ കളർ, അക്രിലിക് ഓയിൽ, ഓയിൽ കളർ എന്നിവ ഉപയോഗിച്ചാണ് ചിത്രരചന .
ഇടവേളകളിൽ കൊച്ചിൻ കലാഭവന്റെ ഷാർജയിലുള്ള സ്ഥാപനത്തിൽ കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുമുണ്ട്. മുന്പ് ദുബായിൽ ശ്രീകുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു.
ഇന്ത്യേനേഷ്യയിൽ നിന്ന് എക്സലൻസി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാറിന് ലഭിച്ചിട്ടുണ്ട്.
കലയുടെ രാഷ്ടീയമാണ് ശ്രീകുമാറിന്റെ ചിത്രങ്ങളുടെ മുഖമുദ്ര. സ്വന്തം ചിത്രങ്ങൾ വരച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ ശ്രീകുമാറിനെ തേടിയെത്താറുണ്ട്. ഭാര്യ ദീപയും മക്കളായ സാരംഗി,ദേവനാരായണൻ എന്നിവരും ശ്രീകുമാറിന്റെ കലാജീവിതത്തിന് പിന്തുണയായി ഒപ്പമുണ്ട്.