സ്വന്തം ലേഖകൻ
തൃശൂർ: ഒരേ രാത്രി തന്നെ വിജയത്തിന്റെ മധുരവും പരാജയത്തിന്റെ നൊന്പരവും ഒരുമിച്ചനുഭവിച്ച കേരളവർമയുടെ കാന്പസിലേക്ക് ശ്രീക്കുട്ടനെത്തി.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് ജയിക്കുകയും പിന്നീട് റീ കൗണ്ടിംഗിൽ പതിനൊന്നു വോട്ടിന്റെ ഭൂരിപക്ഷത്തിന് എതിരാളി ജയിക്കുകയും ചെയ്ത ജയപരാജയങ്ങൾ അനുഭവിക്കേണ്ടി വന്ന കെ.എസ്.യു സ്ഥാനാർത്ഥിയും കാഴ്ചപരിമിതിയുള്ള വിദ്യാർഥിയുമായ ശ്രീക്കുട്ടൻ കേരളമാകെ ചർച്ചാതാരമായി മാറിയതിനു തൊട്ടുപിന്നാലെയാണ് കാന്പസിലെത്തിയത്.
കെ.എസ്.യു പ്രവർത്തകർ ഹർഷാരവങ്ങളോടെ ശ്രീക്കുട്ടനെ എടുത്തുയർത്തി തോളിലേറ്റിയാണ് കാന്പസിനകത്തേക്ക് കൊണ്ടുപോയത്.
വർഷങ്ങളായി എസ്.എഫ്.ഐയുടെ ചെങ്കോട്ടയായിരുന്ന കേരളവർമയിൽ ഒരു വോട്ടിനെങ്കിലും ജയിച്ച് കയറിയതിന്റെ ആവേശം തന്നെയായിരുന്നു പ്രവർത്തകരിൽ.
എന്നാൽ എസ്.എഫ്.ഐ റീ കൗണ്ടിംഗിൽ തെരഞ്ഞെടുപ്പു ഫലം അട്ടിമറിച്ചെന്ന ആരോപണവും കെ.എസ്.യു പ്രവർത്തകർ ഉയർത്തി.ഇന്നുരാവിലെ തൃശൂർ ഡിസിസി ഓഫീസിലെത്തി നേതാക്കളേയും കെ.എസ്.യു നേതാക്കളേയും കണ്ട് ചർച്ചകൾ നടത്തിയ ശേഷമാണ് ശ്രീക്കുട്ടൻ തന്റെ കാന്പസിലെത്തിയത്.
പ്രവർത്തകരുടേയും വിദ്യാർഥികളുടേയും സ്വീകരണത്തിനു ശേഷം ശ്രീക്കുട്ടൻ വിദ്യാർഥികളെ അഭിസംബോധന ചെയ്തു.