തിരുവനന്തപുരം: അച്ഛനെക്കുറിച്ചുള്ള കണ്ണീരോർമകൾക്കിടയിൽ ശ്രീലക്ഷ്മി വിവാഹിതയായി. കല്ലന്പലം വടശേരിക്കോണത്ത് വിവാഹത്തലേന്ന് നാലംഗ അക്രമിസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി ആണ് ഇന്ന് അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ച് വിവാഹിതയായത്.
ചെറുന്നിയൂർ സ്വദേശി വിനു ആണ് ശ്രീലക്ഷ്മിയുടെ കഴുത്തിൽ താലികെട്ടിയെത്.ശിവഗിരിയിലെ ശാരദാമഠത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. രാവിലെ രാജുവിന്റെ കുഴിമാടത്തിലും ഫോട്ടോയിലും പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് ശ്രീലക്ഷ്മി തന്റെ വീട്ടിൽനിന്നു ശിവഗിരിയിലേക്ക് തിരിച്ചത്.
രാജുവിന്റെ മരണത്തിനുശേഷം വിനുവിന്റെ വീട്ടുകാർ ശ്രീലക്ഷ്മിക്കും കുടുംബത്തിനും പൂർണ പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്.
വിവാഹതലേന്നാണ് രാജുവിനെ നാലംഗ സംഘം അടിച്ച് കൊലപ്പെടുത്തിയത്. അന്ന് മാറ്റിവച്ച വിവാഹം ഇന്ന് നടത്തുകയായിരുന്നു.
ഏറെ വർഷം വിദേശത്തായിരുന്ന രാജു പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഉപജീവനം നടത്തി വന്നിരുന്നത്.
ശ്രീലക്ഷ്മിയെ വിവാഹം കഴിച്ച് കൊടുക്കണമെന്ന അയൽവാസി ജിഷ്ണുവിന്റെ വിവാഹ അഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിലാണ് വിവാഹ തലേന്ന് രാജുവിനെ ജിഷ്ണുവും സംഘവും ഉൾപ്പെട്ട നാലംഗ സംഘം വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.ജിഷ്ണു ഉൾപ്പെട്ട നാലംഗ സംഘം റിമാന്‍ഡിലാണ്.