ഒരു ഫോട്ടോ ഷൂട്ടിലൂടെ സോഷ്യല് മീഡിയയില് വൈറല് ആയ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) നായികയായി അഭിനയിക്കുന്ന സിനിമയാണ് സാരി. പ്രശസ്ത സംവിധായകന് രാം ഗോപാല് വര്മയുടെ രചനയില് എത്തുന്ന ചിത്രത്തിന്റെ സംവിധാനം ഗിരി കൃഷ്ണ കമല് ആണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ഈ ചിത്രം പ്രദര്ശനത്തിന് എത്തുക.
ചിത്രത്തിന്റെ ട്രെയിലര് പുറത്തെത്തി. 2.55 മിനിറ്റ് ദൈര്ഘ്യമുള്ള ട്രെയിലറില് ചിത്രത്തിന്റെ കഥയുടെ കൃത്യമായ സൂചനയുണ്ട്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി.
അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. രചനയ്ക്ക് പുറമെ ചിത്രം അവതരിപ്പിക്കുന്നതും രാം ഗോപാല് വര്മയാണ്. സത്യ യദു, സാഹില് സംഭ്രല്, അപ്പാജി അംബരീഷ്, കല്പലത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ശങ്കര് വര്മയാണ് ചിത്രത്തിന്റെ നിര്മാണം.
ആര്ജിവി ആര്വി പ്രൊഡക്ഷന്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. എഡിറ്റിംഗ് ഗിരി കൃഷ്ണ കമൽ, പെരമ്പള്ളി രാജേഷ്. പശ്ചാത്തല സംഗീതം ആനന്ദ്. തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. സിനിമ അരങ്ങേറ്റത്തിനിടെയാണ് ശ്രീലക്ഷ്മി സതീഷ് പേര് മാറ്റിയതായി രാം ഗോപാൽ വർമ അറിയിച്ചത്. ചിത്രത്തിന്റെ നേരത്തെ എത്തിയ പ്രൊമോഷണല് മെറ്റീരിയലുകളൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമാ അരങ്ങേറ്റത്തിന് മുന്പ് മോഡലിംഗിലൂടെ ശ്രദ്ധേയ ആയിരുന്നു ശ്രീലക്ഷ്മി സതീഷ്. ഫെബ്രുവരി 28 ന് ചിത്രം തിയറ്ററുകളില് എത്തും.