കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾക്കിടെ രാജ്യംവിട്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താബയ രാജപക്സെ മാലി ദ്വീപിലെത്തി. സൈനിക വിമാനത്തിൽ ഭാര്യ ലോമ രാജപക്സെയുമൊന്നിച്ചാണ് ഗോത്താബയ മാലിദ്വീപിലെത്തിയത്.
ഗോത്താബയയും കുടുംബവും കഴിഞ്ഞ ദിവസം രണ്ടു വട്ടം രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തടഞ്ഞു.
ഇതോടെയാണ് സൈനിക വിമാനത്തിൽ രാജ്യം വിട്ടത്. മാലി ദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ ആദ്യം അനുമതി നൽകിയില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
പിന്നീട് മാലിദ്വീപ് പാർലമെന്റിൽ സ്പീക്കർ മജ്ലിസും മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്.
ഗോത്താബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡന്റ് ആരാകുമെന്നതാണ് ചോദ്യം. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി.
ജൂലൈ 20ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഇന്ന് രാജി നൽകുമെന്ന് അഭ്യൂഹം ഉയർന്നിരു ന്നെങ്കിലും രാജി നൽകാതെയാണ് ഗോത്താബയ മാലിദ്വീപിൽ എത്തിയിരിക്കുന്നത്.
അതേസമയം, ഗോത്താബായയ്ക്ക് രാജ്യം വിടാനുള്ള സൗകര്യം ഇന്ത്യ ഒരുക്കിയെന്ന ആരോ പണത്തെ വിദേശകാര്യ മന്ത്രാലയം തള്ളിയിട്ടുണ്ട്.
പ്രക്ഷോഭകർ പ്രസിഡന്റിന്റെ കൊട്ടാരത്തിലും പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും തുടരുകയാണ്.
ശനിയാഴ്ചയാണ് ജനം പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തു ഭരണനേതൃത്വത്തിനെതിരേ പ്രക്ഷോഭം നടക്കവേ വിലക്കയറ്റംകൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണ്.