കൊളംബോ: ആതിഥേയരായ ശ്രീലങ്കയെ രണ്ടു വിക്കറ്റിനു പരാജയപ്പെടുത്തി ബംഗ്ലാദേശ് നിദാഹസ് ട്വന്റി20 ടൂർണമെന്റ് ഫൈനലിൽ കടന്നു. ലങ്ക ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് ഒരു പന്ത് ശേഷിക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 18 പന്തിൽ 43 റണ്‍സ് നേടിയ മഹമ്മദുള്ളയുടെ പ്രകടനമാണ് ബംഗ്ലാദേശിനു വിജയമൊരുക്കിയത്. ഫൈനലിൽ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക കുശാൽ പെരേര, ഏഴാമതായി ബാറ്റിംഗിനിറങ്ങിയ തിസാര പെരേര എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. കുശാൽ 40 പന്തിൽനിന്ന് 61 റണ്‍സ് നേടിയപ്പോൾ 37 പന്തിൽനിന്ന് 58 റണ്‍സായിരുന്നു തിസാരയുടെ സംഭാവന. മറ്റു ശ്രീലങ്കൻ ബാറ്റ്സ്മാൻമാർക്കൊന്നും തിളങ്ങാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്മാൻ രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും തമിം ഇഖ്ബാൽ ഒരറ്റത്ത് ഉറച്ചുനിന്നു. മൂന്നാം വിക്കറ്റിൽ മുഷ്ഫിഖർ റഹിമിനൊപ്പം 64 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് ടീമിനെ തമിം വിജയത്തിലേക്കു നയിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായതോടെ ബംഗ്ലാദേശിന്റെ പ്രതീക്ഷകൾ മങ്ങി. 42 പന്തിൽ 50 റണ്‍സായിരുന്നു തമിമിന്റെ സംഭാവന.
എന്നാൽ ഇവർക്കുശേഷമെത്തിയ മഹ്മദുള്ള മറ്റു ബാറ്റ്സ്മാൻമാരെ കാഴ്ചക്കാരാക്കി തകർത്തടിച്ചപ്പോൾ ഒരു പന്ത് ശേഷിക്കെ ബംഗ്ലാദേശ് വിജയത്തിലെത്തി. 18 പന്ത് നീണ്ട ഇന്നിംഗ്സിൽ മഹ്മദുള്ള മൂന്നു ബൗണ്ടറികളും രണ്ടു സിക്സറും പറത്തി. ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ശ്രീലങ്കയെ പരാജയപ്പെടുത്തുന്നത്.