ശ്രീലങ്കയിലുണ്ടായിരിക്കുന്ന പണപ്പെരുപ്പത്തില്‍ ജനജീവിതം ദുസ്സഹമായതോടെ പ്രതിഷേധവുമായി ജനം തെരുവില്‍.
അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധിയ്ക്കു കാരണം.ഇതിനു പരിഹാരം കാണാന്‍ മാര്‍ച്ച് എഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചിരുന്നു.
ഇത് സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമായി. വിദേശ നാണയം ഇല്ലാത്തതിനാലാണ് അവശ്യവസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയ്ക്ക് കഴിയാത്തത്.
ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദര്‍ശനം. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നല്കി.
പെട്രോളിനും ഡീസലിനും വില 40% വര്‍ധിച്ചതോടെ ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്.
മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോള്‍ വില ലീറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്.
ഒരു ലീറ്റര്‍ പാലിന് 263 ശ്രീലങ്കന്‍ രൂപ(75.53 ഇന്ത്യന്‍ രൂപ)യും ഒരു കിലോഗ്രാം അരിക്ക് 448 രൂപ(128.65 ഇന്ത്യന്‍ രൂപ)യുമാണ് വില. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി.
പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്സിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് കൊളംബോയില്‍ ചൊവ്വാഴ്ച നടത്തിയ വമ്പിച്ച റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
പ്രസിഡന്റിന്റെ ഓഫിസിലേക്കു കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ക്കു പരിക്കേറ്റു.
വിദേശനാണയശേഖരം വര്‍ധിപ്പിക്കാന്‍ രാജ്യാന്തര നാണയനിധിയില്‍നിന്നു വായ്പ സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉടനാരംഭിക്കുമെന്നു പ്രസിഡന്റ് ഗോട്ടബയ പറഞ്ഞു.
ചൈനയുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനു പ്രത്യേക പാര്‍ലമെന്ററി സമിതി രൂപീകരിച്ചു.
കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയായതാണ് ശ്രീലങ്കയ്ക്ക് വിനയായത്. ഇതോടെ വിദേശനാണയം തീരുകയും രാജ്യം പ്രതിസന്ധിയിലാവുകയുമായിരുന്നു.
2020 മാര്‍ച്ചില്‍ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വര്‍ധിച്ചു. അതാണിപ്പോള്‍ ഈ സംഭവ വികാസങ്ങൡ എത്തിനില്‍ക്കുന്നത്.