ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ ഡൽഹി, ടെസ്റ്റ് മത്സരത്തിനായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഡൽഹി വേദിയായി തെരഞ്ഞെടുത്തതിൽ വിശദീകരണം നൽകണമെന്ന് ലങ്കൻ ബോർഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു. ശ്രീലങ്കൻ താരങ്ങൾ നേരത്തെ അശുദ്ധവായു സംബന്ധിച്ച് അമ്പയറോട് പരാതിപ്പെട്ടിരുന്നു.
ഫീല്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് ശ്രീലങ്കന്‍ നായകന് ദിനേഷ് ചാണ്ഡിമാൽ അമ്പയറോട് പരാതിപ്പെട്ടത്. ലങ്കൻ ക്യാപ്റ്റൻ കളിക്കാരുമായി കളം വിടുകയും ചെയ്തു. ഇതേ തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം 17 മിനിറ്റു നേരെ കളി തടസപ്പെട്ടു. പിന്നീട് അമ്പയറും മാച്ച് റഫറിയും കളിക്കാരുമായി സംസാരിച്ച ശേഷമാണ് ഇവർ മടങ്ങിയെത്തിയത്. ലങ്കന്‍ താരങ്ങള്‍ മാസ്ക് ഉപയോഗിച്ചാണ് ഫീൽഡിലെത്തിയത്.
പിന്നീട് 127 ാം ഓവറിലും ഇതേ പ്രശ്നത്തിൽ കളി തടസപ്പെട്ടു. ലക്മാൽ ബൗളിംഗ് പൂർത്തിയാക്കാതെ മടങ്ങിയതോടെയാണ് കളി മുടങ്ങിയത്. ഇതോടെ ഗ്രൗണ്ട് അമ്പയർമാർ ചാണ്ഡിമാലുമായും എയ്ഞ്ചലോ മാത്യൂസുമായും സംസാരിച്ചു. ലങ്കൻ മാനേജർ അസങ്ക ഗുരുസിംഹയും ഇന്ത്യൻ കോച്ച് രവിശാസ്ത്രിയും ചർച്ചയിൽ പങ്കുചേർന്നു.
ഇതേതുടർന്ന് ദിൽരുവാൻ പെരേര ഓവർ പൂർത്തിയാക്കി. അടുത്ത ഓവർ എറിയുന്നതിനു മുമ്പ് ചാണ്ഡിമാൽ കളി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ലക്മാൽ പുറത്തുപോയതോടെ ഫീൽഡിൽ 10 പേരായി ചുരുങ്ങിയതാണ് കളി നിർത്താൻ ആവശ്യപ്പെട്ടത്. ഈ സമയം ഇന്ത്യൻ നായകൻ ഡിക്ലയർ പ്രഖ്യാപിക്കുകയും ചെയ്തു.
123 ാം ഓവറിലും കളി തടസപ്പെട്ടിരുന്നു. ബൗൾ ചെയ്യുന്നതിനിടെ പേസർ ലഹിരു ഗമഗെയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതോടെ ക്യാപ്റ്റൻ ചാണ്ഡിമാൽ അമ്പയറോട് പരാതിപ്പെടുകയും ചെയ്തു.