അബുദാബി: ബംഗ്ലാദേശിനു പിന്നാലെ താരതമ്യേന ചെറുമീനുകളെന്നു വിളിക്കപ്പെടുന്ന അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യാകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ബംഗ്ലാവീര്യത്തിനു മുന്നിൽ 137 റൺസിനാണ് തകർന്നതെങ്കിൽ അഫ്ഗാനോട് 91 റണ്‍സിനാണ് ലങ്ക പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 249 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ഇന്നിങ്സ് 158 ല്‍ ഒതുങ്ങി. 41.2 ഓവറില്‍ 158-ന് എല്ലാവരും പുറത്താകുകയായിരുന്നു. രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ മുജീബുറഹ്മാന്‍, ഗുല്‍ബാദിന്‍ നയിബ്, മുഹമ്മദ് നബി, റാഷിദ് ഖാന് എന്നിവരുടെ ബൗളിംഗ് ആണ് ലങ്കൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്.
36 റണ്‍സ് നേടിയ ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ലങ്കന്‍ നിരയിലെ ടോപ്സ്കോറര്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ റഹ്മത്ത് ഷായായുടെ ബാറ്റിംഗ് കരുത്തിലാണ് 249 എന്ന മാന്യമയ ടോട്ടൽ പടുത്തുയർത്തിയത്. 90 പന്തിൽ 72 റണ്‍സെടുത്ത റഹ്മത്ത് അഞ്ചുതവണയാണ് പന്ത് ബൗണ്ടറിലൈൻ കടത്തിയത്. 45 റണ്‍സെടുത്ത ഓപ്പണര്‍ ഇഹ്സാനുള്ള റഹ്മത്തിന് മികച്ച പിന്തുണ നല്കി.
ലങ്കയ്ക്കു വേണ്ടി ഒമ്പത് ഓവര്‍ എറിഞ്ഞ് 55 റണ്‍സ് വിട്ടുകൊടുത്ത് തിസര പെരേര അഞ്ചു വിക്കറ്റെടുത്തു. എന്നാൽ മറ്റ് ബൗളർമാർക്കൊന്നും പ്രതീക്ഷിച്ച മികവ് പുലർത്താനായില്ല.