കൊളംബോ: സിംബാബ്‌വെയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റിന്‍റെ തകർപ്പൻ ജയം. ജയിക്കാൻ 388 റണ്‍സ് വേണ്ടിയിരുന്ന ലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഏഷ്യയിലും ലങ്കയിലും റണ്‍സ് പിന്തുടർന്നുള്ള ഏറ്റവും വലിയ ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തിൽ റണ്‍സ് പിന്തുടർന്ന് ജയിക്കുന്ന അഞ്ചാമത്തെ വലിയ വിജയം.
80 റണ്‍സോടെ പുറത്താകാതെ നിന്ന അസീല ഗുണരത്നെയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. 29 റണ്‍സ് നേടിയ ദിൽറുവാൻ പെരേര ലങ്ക ജയം സ്വന്തമാക്കിയപ്പോൾ ഗുണരത്നെയ്ക്ക് കൂട്ടായി നിന്നു. നിരോഷൻ ഡിക്‌വെല്ല (81), കുശാൽ മെൻഡിസ് (66) എന്നിവരും ലങ്കയ്ക്ക് വേണ്ടി അർധ സെഞ്ചുറികൾ നേടി.
170/3 എന്ന നിലയിലാണ് ലങ്ക അവസാന ദിനം തുടങ്ങിയത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ ആഞ്ചലോ മാത്യൂസിനെ (25) നഷ്ടപ്പെട്ടെങ്കിലും മധ്യനിരയിൽ ഡിക് വെല്ലയും ഗുണരത്നെയും ഉറച്ചുനിന്നതോടെ അർഹിച്ച ജയം ലങ്കയ്ക്ക് സ്വന്തമാവുകയായിരുന്നു. ഗുണരത്നെയാണ് മാൻ ഓഫ് ദ മാച്ച്. മത്സരത്തിൽ 11 വിക്കറ്റ് നേടിയ ലങ്കൻ സ്പിന്നർ രങ്കണ ഹെരാത്തിനെ ഏക ടെസ്റ്റ് പരന്പരയുടെ താരമായി തെരഞ്ഞെടുത്തു.
സ്കോർ: സിംബാബ്‌വെ ഒന്നാം ഇന്നിംഗ്സ് 356, രണ്ടാം ഇന്നിംഗ്സ് 377. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 346, രണ്ടാം ഇന്നിംഗ്സ് 391/6