കൊല്ലം : പാക്കിസ്ഥാനിലേക്കു പോകുന്ന ശ്രീലങ്കൻ സ്വദേശികളുടെ ബോട്ട് കേരളതീരത്ത് എത്താമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളതീരം ജാഗ്രതയിൽ.
തീരത്ത് ഭീകരാക്രമണ സാധ്യതയും തള്ളിക്കളയാനാകില്ല. നാലുപോർട്ടുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 26 ലാന്റിംഗ് സെന്ററുകളും നിരീക്ഷണത്തിലാണ്.
തീരപ്രദേശത്തെ ലോഡ് ജുകളിൽ കഴിഞ്ഞ ഒരാഴ്ചയായി പരിശോധന നടത്തിവരികയാണ്. തീരപ്രദേശം കേന്ദ്രീകരിച്ച് മൊബൈൽ പട്രോളിംഗും നടത്തിവരുന്നു.
കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ ബീറ്റ് പട്രോളിംഗ് നടത്തിവരികയാണ്. മത്സ്യബന്ധനബോട്ടുകളും നിരീക്ഷണത്തിലാണ്. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകൾക്ക് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പൊലീസിന്റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്.കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ചേർന്നാണ് പരിശോധന നടത്തിവരുന്നത്.
ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകളും പരിശോധിക്കുന്നുണ്ട്. കൊല്ലത്ത് കോസ്റ്റൽ സിഐ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.