തിരുവില്വാമല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെകുറിച്ച് പഠിക്കാൻ ശ്രീലങ്കൻ കാബിനറ്റ് മന്ത്രിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ പ്രതിനിധിസംഘം ചേലക്കര ഗ്രാമപഞ്ചായത്തും പ്രസിദ്ധ കൈത്തറി നെയ്ത്ത് കേന്ദ്രമായ കുത്താന്പുള്ളിയും സന്ദർശിച്ചു. തൃശൂരിലെ കിലയും ശ്രീലങ്കൻ തദ്ദേശ സ്വയംഭരണ പരിശീലന കേന്ദ്രമായ എൻഐഎൽജിയുമായുള്ള ധാരണപ്രകാരമാണ് പ്രതിനിധികൾ ചേലക്കരയിലെത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. കാബിനറ്റ് മന്ത്രി ചന്ദ്രാണി ഖണ്ഡാരയും മൂന്നു സഹമന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കം പതിനാറംഗ സംഘമാണ് എത്തിയിട്ടുള്ളത്. ആലപ്പുഴ ജില്ലാ പഞ്ചായത്തും അങ്കമാലി ബ്ലോക്ക് പഞ്ചായത്തും തൃപ്പൂണിത്തുറ നഗരസഭയും സന്ദർശിച്ചശേഷം ജൂണ്‍ രണ്ടിന് മടങ്ങും.
പ്രസിദ്ധ കൈത്തറി നെയ്ത്ത് കേന്ദ്രമായ കൂത്താന്പുള്ളിയിലെത്തിയ ശ്രീലങ്കൻ പ്രതിനിധിസംഘം നെയ്ത്ത് സഹകരണ സംഘവും നെയ്ത്ത് ശാലയും സന്ദർശിച്ചു.