ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തില്‍ ശ്രീലത(50) വീട്ടിലെ ബെഡ്‌റൂമില്‍ തലയ്ക്കടിയേറ്റു രക്തംവാര്‍ന്നൊഴുകി മരിച്ച കേസില്‍ കൗമാരക്കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ഇത്തിത്താനം സ്വദേശിയായ 16 വയസുകാരനും മാമ്മൂട് പാണാട്ടില്‍ നിവിന്‍ ജോസഫു(28)മാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്.
വൈദ്യുതി എര്‍ത്ത് വയര്‍ കണക്ട് ചെയ്യുന്ന ഇരുമ്പു പൈപ്പ് ഉപയോഗിച്ചാണു ശ്രീലതയുടെ തലയ്ക്ക് അടിച്ചതെന്നു പോലീസ് പറഞ്ഞു. തുരുമ്പിച്ചതും മണ്ണ് പുരണ്ടതുമായ ഈ പൈപ്പ് കണ്ടെടുത്തിട്ടുണ്ട്. ശ്രീലതയുടെ കഴുത്തില്‍നിന്നു പൊട്ടിച്ച ഒന്നര പവന്റെ സ്വര്‍ണമാലയും പോലീസ് കണ്ടെടുത്തു. കൃത്യത്തിനു ശേഷം പ്രതികള്‍ ഉപേക്ഷിച്ച ഇരുമ്പു പൈപ്പ് ശ്രീലതയുടെ വീടിനടുത്തുള്ള പുരയിടത്തില്‍നിന്നാണു കണ്ടെടുത്തത്.
പോലീസ് പറയുന്നതിങ്ങനെ: കുതിരപ്പടിക്കടുത്തു ജനവാസംകുറഞ്ഞ സ്ഥലത്തുള്ള വീട്ടിലാണു ശ്രീലത താമസിക്കുന്നത്. ആന്ധ്രപ്രദേശില്‍ അധ്യാപികയായ ഇവര്‍ നാലര വര്‍ഷം മുമ്പാണു വീട് വാങ്ങിയത്.അവധിക്കു നാട്ടിലെത്തുമ്പോഴാണ് ഈ വീട്ടില്‍ താമസിക്കാറുള്ളത്. പരിസരവാസികളോട് അധികം ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവരുടേത്. കൗമാരക്കാരന്‍ ഒരു വര്‍ഷം മുമ്പു ശ്രീലതയുടെ വീട്ടിലെത്തി പരിചയം സ്ഥാപിച്ചു. ശ്രീലത അവധിക്കു വരുമ്പോഴൊക്കെ ഈ വീട്ടിലെത്തി പാലും മറ്റും വാങ്ങി നല്‍കുകയും വീടും പരിസരവും വൃത്തിയാക്കിക്കൊടുക്കുകയും മറ്റും ചെയ്തിരുന്നു. ശ്രീലത ഇയാളോട് അനുകമ്പയോടെയായിരുന്നു ഇടപെട്ടിരുന്നത്. ചിലപ്പോഴൊക്കെ ഇയാളോടൊപ്പം നിവിനും ശ്രീലതയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു. നിവിനു കടബാധ്യതകളുണ്ട്. നിവിനെ ശ്രീലതയ്ക്ക് വലിയ കാര്യമായിരുന്നു. മകനെപ്പോലെ ഇയാളെ സ്‌നേഹിക്കുകയും ചെയ്തിരുന്നു. പലപ്പോഴും ഉപദേശിക്കാറുമുണ്ടായിരുന്നു. അമ്മയ്ക്കും നിവിനും മാത്രമായിരുന്നു ആ വീട്ടില്‍ ഏതുസമയത്തും വരാനുള്ള സ്വാതന്ത്രമുണ്ടായിരുന്നു.
മത്സ്യവ്യാപാരത്തിനു ശേഷം ഇരുവരും കഴിഞ്ഞ 11ന് വൈകുന്നേരം ശ്രീലതയുടെ വീടിനു സമീപത്തെ പുരയിടത്തിലുള്ള മൊബൈല്‍ ടവറിനടുത്തെത്തി. ശ്രീലതയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കാനും കടബാധ്യതകള്‍ തീര്‍ക്കാനും ഗൂഢാലോചന നടത്തി. അന്നു രാത്രി എട്ടിന് ഇരുവരും കൈയില്‍ കരുതിയ ഇരുമ്പു പൈപ്പുമായി ശ്രീലതയുടെ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ചാടി വീടിന്റെ മുറ്റത്തെത്തി. 16കാരന്‍ വീടിന്റെ കതകില്‍ മുട്ടിവിളിച്ചപ്പോള്‍ പരിചയമുള്ളതിനാല്‍ ശ്രീലത കതകു തുറന്നു. ആസമയം ഇരുവരും വീടിനുള്ളില്‍ കടന്നു. ഇരുവരും ചേര്‍ന്നു തള്ളിയപ്പോള്‍ ശ്രീലത ടീപ്പോയിയിലേക്കു വീണു. നിവിന്‍ ഇരുമ്പുപൈപ്പുകൊണ്ടു ശ്രീലതയുടെ തലയ്ക്കു നാലു പ്രാവശ്യം അടിച്ചു. അതിനു ശേഷം സ്വര്‍ണമാല ഊരിയെടുത്തു. മരണവേദനയില്‍ അലറിവിളിച്ചോടിയ ശ്രീലത കട്ടിലില്‍ പോയി വീണു. വൈകാതെ രക്തംവാര്‍ന്നാഴുകി മരിച്ചു.
തലയില്‍നിന്നു രക്തം വാര്‍ന്നൊഴുകുന്നതു കണ്ടു ഭയപ്പെട്ടുപോയ പ്രതികള്‍ കമ്മലുകളും വളയും പാദസ്വരങ്ങളും എടുക്കാതെ കിട്ടിയ സ്വര്‍ണമാലയുമായി രക്ഷപ്പെട്ടു. പിറ്റേന്നു രാവിലെ നിവിന്‍ സ്വര്‍ണമാല വാകത്താനം സ്വദേശിയായ ഒരു സുഹൃത്തിന്റെ കൈയില്‍ കൊടുത്തു. ഇയാള്‍ വാകത്താനത്തുള്ള സ്വര്‍ണക്കടയില്‍ വിറ്റ് 32,000 രൂപ വാങ്ങി ഈ പണം കൈപ്പറ്റിയ നിവിന്‍ രണ്ടായിരം രൂപ ഭാര്യക്കും 15,000 രൂപ പണം കടം വാങ്ങിയ മറ്റൊരാള്‍ക്കും നല്‍കി. കുറച്ചു തുക മീന്‍കച്ചവടത്തിനു പോകുന്ന പെട്ടി ഓട്ടോ നന്നാക്കാനും വിനിയോഗിച്ചു. 4500 രൂപ ഇയാളുടെ കൈയിലുണ്ടായിരുന്നു. കൗമാരക്കാരന് ഒരു രൂപ പോലും കൊടുത്തില്ല. 12, 13 തീയതികളില്‍ മാതാവ് പൊന്നമ്മയും സഹോദരങ്ങളും ഫോണില്‍ ബന്ധപ്പെട്ടിട്ടു ശ്രീലതയെ കിട്ടിയിരുന്നില്ല. 13ന് വൈകുന്നേരം പൊന്നമ്മ ഓട്ടോയില്‍ വീട്ടിലെത്തി വിളിച്ചിട്ടു പ്രതികരിച്ചില്ല. ഓട്ടോ െ്രെഡവര്‍ ഗേറ്റ് ചാടിക്കടന്നു തുറന്നുകിടന്ന വാതിലിലൂടെ അകത്തുകടന്നപ്പോഴാണു തലക്കടിയേറ്റു രക്തം വാര്‍ന്നൊഴുകി മരിച്ചു ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ശ്രീലതയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഇരുമ്പുവടിക്കേറ്റ അടിയാണു മരണകാരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. തുടര്‍ന്നു പോലീസ് നടത്തിയ അതിസൂക്ഷ്മമായ അന്വേഷണത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.