മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ഹീറോ ജയന് വിടവാങ്ങിയിട്ട് നാലു പതിറ്റാണ്ടായെങ്കിലും ഇന്നും ജനമനസ്സുകളില്‍ പുരുഷത്വത്തിന്റെ പ്രതീകമായി അദ്ദേഹം നിറഞ്ഞു നില്ക്കുന്നു. കോമഡിക്കാരുടെ വികലാനുകരണം കൊണ്ടു മാത്രമല്ല അദ്ദേഹം അഭിനയിച്ച സിനിമകള്‍ ഇന്നും ആളുകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് ജയന്റെ മഹത്വം.
മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ജയന് വാര്‍ത്തെടുത്ത സ്റ്റൈല്‍ ഇന്നും പ്രിയങ്കരമാണ്. കരിയറില്‍ ഏറ്റവും ഉയര്‍ച്ചയുടെയും പ്രശസ്തിയുടെയും ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഹെലികോപ്റ്റര്‍ അപകടത്തിന്റെ രൂപത്തില്‍ മരണം ജയനെ കവര്‍ന്നെടുത്തത്. ജയന്റെ അവസാന ചിത്രത്തിന്റെ പേരു പോലെ തന്നെ ‘കോളിളക്കം’സൃഷ്ടിച്ച സംഭവമായിരുന്നു ജയന്റെ മരണം. 1980 നവംബര്‍ 16ന് കോളിളക്കം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടയിലായിരുന്നു ജയന്റെ മരണം. ഇത് പിന്നീട് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നുമൊക്കെയുള്ള കിംവദന്തികള്‍ ഉയര്‍ന്നു.
അന്ന് മലയാള സിനിമയിലെ പലപ്രമുഖരുടെയും പേരുകള്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു.എന്നാല്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന ജനശ്രുതികളെല്ലാം തന്നെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് പറയുകയാണ് പഴയകാല നടി ശ്രീലതാ നമ്പൂതിരി. കോളിളക്കത്തില്‍ താനും അഭിനയിച്ചിരുന്നതാണെന്നും ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തുകൊണ്ട് ശ്രീലത ഒരു ചാനലില്‍ നല്കിയ അഭിമുഖ പരിപാടിയിലാണ് മനസു തുറന്നത്.
‘ഈ പറയുന്ന ഗോസിപ്പുകള്‍ക്കൊന്നും ഒരു ബന്ധവുമില്ല. ഞാന്‍ അഭിനയം നിറുത്തിയ ചിത്രമാണത്. ഞാന്‍ ചെന്നൈയോട് വിട പറയുന്ന ദിവസമാണ്. ഷൂട്ടിങ് കഴിഞ്ഞ് പോകാന്‍ ഇരിക്കുവാണ്. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ബാലന് കെ നായര്‍ ചവിട്ടി താഴ്ത്തി,? സോമനൊ സുകുമാരനൊയൊക്കെ കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെ. അതൊന്നുമല്ല. സംഭവം എന്താണെന്ന് വച്ചാല്‍,? ജയന് എന്തു റിസ്കും എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്ടര്‍ പറഞ്ഞതാണ്.
പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറില്‍ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു. ഒന്നുകൂടെ പുള്ളി അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലോട്ടായി. തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈറ്റ് മേല്‍പ്പോട്ടതു പൊക്കി. അപ്പോള്‍ കൈവിട്ടു. താഴെ വീണ് തലയിടിച്ചു. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം,? വെജിറ്റബിള്‍ പോലെ കിടന്നേനെ. പുള്ളിയുടെ ആരോഗ്യത്തിന്റെയോ,? മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറില്‍ കയറി എന്നാണ് പറയുന്നത്’- ശ്രീലത നമ്പൂതിരി പറയുന്നു.
5 വര്‍ഷം ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ടിച്ച ജയന് ചീഫ് പെറ്റി ഓഫീസര്‍ പദവി രാജി വച്ചാണ് 1974ല്‍ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ചെറിയ വില്ലന്‍ വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍ വേഷങ്ങളിലേക്കും ഉപനായക വേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. ഹരിഹരന് സംവിധാനം ചെയ്ത ‘ശരപഞ്ജര’മാണ് ജയന് നായക പദവി നല്‍കിയത്. 1974 മുതല്‍ 80 വരെ ആറ് വര്‍ഷങ്ങള്‍കൊണ്ട് ഒരു തമിഴ് ചിത്രമുള്‍പ്പെടെ 116 ചിത്രങ്ങളില്‍ ജയന് വേഷമിട്ടു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു.