ഡാന്സ്, സ്ക്രീന് പ്രസന്സ് ശ്രീലീലയുടെ പ്രത്യേകതയാണ്. ഇതാണ്, ചുരുങ്ങിയ സമയത്തിനുള്ളില് തെന്നിന്ത്യന് സിനിമയിലെ പുത്തന് താരോദയമായി ശ്രീലീലയെ മാറ്റിയത്.ഇപ്പോഴിതാ അല്ലു അര്ജുന് നായകനായ, വന് ഹൈപ്പോടെ വരുന്ന പുഷ്പ ടുവിലെ ഡാന്സ് നമ്പറുമായി ബോക്സ് ഓഫീസ് ഇളക്കി മറിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലീല.
ചുരുങ്ങിയ സമയത്തിനുള്ളില് തന്നെ മഹേഷ് ബാബു, രവി തേജ, അല്ലു അര്ജുന് തുടങ്ങിയ വലിയ താരങ്ങള്ക്കൊപ്പം തെലുങ്കിൽ സ്ക്രീന് പങ്കിടാൻ ഇതിനോടകം തന്നെ ശ്രീലീലയ്ക്ക് സാധിച്ചു. ഓണ് സ്ക്രീനിലെ പ്രകടനങ്ങളിലൂടെ കൈയടി നേടുന്ന ശ്രീലീലയുടെ ജീവിതം പലര്ക്കും പ്രചോദനമാണ്.
2001 ലായിരുന്നു ശ്രീലീലയുടെ ജനനം. അമേരിക്കയിലെ ഡിട്രോയ്റ്റിലായിരുന്നു ശ്രീലീല ജനിച്ചത്. അമ്മ സ്വര്ണലത ബംഗളൂരു സ്വദേശിയായ ഗൈനക്കോളജിസ്റ്റും അച്ഛന് സുരപനേനി സുധാകര റാവു ഇന്ഡസ്ട്രിയലിസ്റ്റുമാണ്. ബംഗളൂരുവിലാണ് ശ്രീലീല വളര്ന്നത്. ശ്രീലീല ജനിക്കുമ്പോഴേക്കും അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ ശ്രീലീലയുടെ കുട്ടിക്കാലം പ്രശ്നഭരിതമായിരുന്നു. കുട്ടിക്കാലത്ത് ശ്രീലീല ആഗ്രഹിച്ചിരുന്നത് വലുതാകുമ്പോള് അമ്മയെ പോലൊരു ഗൈനക്കോളജിസ്റ്റ് ആകണം എന്നായിരുന്നു. എന്നാല് പിന്നീട് ആ മനസിലേക്ക് സിനിമ കടന്നു വന്നു. യഥാസ്ഥിതികരായ വീട്ടുകാര് ശ്രീലീലയുടെ ആഗ്രഹത്തെ എതിര്ത്തു.
എന്നാല് ശ്രീലീലയുടെ ഉറച്ച തീരുമാനത്തിന് മുന്നില് അവര്ക്ക് മുട്ടുമടക്കേണ്ടി വന്നു. 2017 ല് ചിത്രഗന്ദ എന്ന ചിത്രത്തിലൂടെ ശ്രീലീല വെള്ളിത്തിരയിലെത്തി. സിനിമയോടൊപ്പം തന്നെ പഠനവും കൊണ്ടു പോകാന് ശ്രീലീല ശ്രമിച്ചിരുന്നു. 2019 ല് പുറത്തിറങ്ങിയ കന്നഡ ചിത്രം കിസ് ആണ് ശ്രീലീയെ താരമാക്കുന്നത്.
ചിത്രം വലിയ വിജയമായി മാറി. നൂറ് ദിവസമാണ് ചിത്രം തിയറ്ററില് ഓടിയത്. പിന്നാലെ വന്ന ഭരാത്തെയും വലിയ വിജയമായി. ഇതിന് ശേഷം 2021 ല് പെല്ലി സണ്ട എന്ന ചിത്രത്തിലൂടെയാണ് ശ്രീലീല തെലുങ്കില് അരങ്ങേറുന്നത്. ചിത്രം വലിയ വിജയമായി മാറിയില്ലങ്കിലും ശ്രീലീല ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ താരത്തെ തേടി നിരവധി സിനിമകളാണ് എത്തിയത്.
ഡാന്സാണ് ശ്രീലീലയെ സമകാലീകരില് നിന്നും വ്യത്യസ്തയാക്കുന്നത്. സൂപ്പര് താരം മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച ഗുണ്ടൂര് കാരത്തിലെ ഡാന്സ് നമ്പര് ശ്രീലീലയെ തെലുങ്കും കടന്ന് പാന് ഇന്ത്യന് റീച്ചുള്ള താരമാക്കി മാറ്റി. ഇപ്പോഴിതാ അല്ലു അര്ജുനൊപ്പമുള്ള പുഷ്പ ടുവിലെ ശ്രീലീലയുടെ ഡാന്സിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്.
ചെറുപ്പം മുതല്ക്കെ ഭരതനാട്യം പഠിച്ചിട്ടുള്ളതും ശ്രീലീലയ്ക്ക് അതു കരിയറില് ഗുണം ചെയ്തിട്ടുണ്ട്. ഓണ് സ്ക്രീനില് മാത്രമല്ല ഓഫ് സ്ക്രീനിലും നായികയാണ് ശ്രീലീല. 2022 ല് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്തു കൊണ്ടാണ് ശ്രീലീല ആരാധകരുടെ മനസില് ഇടംനേടുന്നത്.
കന്നഡ ചിത്രമായ ബൈ ടു ലവില് ചെറിയ പ്രായത്തില് അമ്മയാകുന്ന പെണ്കുട്ടിയെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ശ്രീലീല കുട്ടികളെ ദത്തെടുക്കുന്നത്. ഒരു അനാഥാലയം സന്ദര്ശിച്ചപ്പോള് കണ്ട കുട്ടികളോട് അതിയായ സ്നേഹം തോന്നിയതോടെയാണ് താരം ഇരുവരേയും ദത്തെടുക്കുന്നത്. ദത്തിലൂടെ രണ്ട് കുട്ടികളുടെ അമ്മയായി മാറുമ്പോള് ശ്രീലീലയ്ക്ക് 21 വയസ് മാത്രമായിരുന്നു പ്രായം.
തെലുങ്കില് നിറഞ്ഞു നില്ക്കുന്ന ശ്രീലീല അധികം വൈകാതെ ബോളിവുഡിലും അരങ്ങേറുമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. മുന്നിര നായകന് വരുണ് ധവാന്റെ നായികയായിട്ടായിരിക്കും ശ്രീലീലയുടെ ബോളിവുഡ് എന്ട്രി. തെലുങ്കിലും ശ്രീലീലയുടേതായി നിരവധി സിനിമകള് അണിയറയില് തയാറെടുക്കുന്നുണ്ട്. പവന് കുമാറിന്റെ നായികയായുള്ള ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.