സംവിധായകൻ രഞ്ജിത്തിന്റെ രാജിയിൽ പ്രതികരിച്ച് ബംഗാൾ നടി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റെ രാജിയിൽ തനിക്ക് സന്തോഷം ഇല്ല, നടന്ന കാര്യങ്ങൾ ജനങ്ങളറിയാൻ വേണ്ടിയായിരുന്നു തന്റെ വെളിപ്പെടുത്തൽ അദ്ദേഹം ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ല, തന്നെ പരീക്ഷിക്കുകയായിരുന്നു എന്ന് താരം പറഞ്ഞു.
രഞ്ജിത്ത് കുറ്റവാളിയാണെന്ന് പറയാൻ സാധിക്കില്ല. ഒരു സ്ത്രീലമ്പടൻ ആയിരിക്കാം. നിയമപരമായി രഞ്ജിത്ത് കുറ്റം ചെയ്തിട്ടില്ല. അദ്ദേഹം നല്ല സംവിധായകനാണെന്നും മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
അതേസമയം, ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മർദ്ദത്തിന് വഴങ്ങി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നു രഞ്ജിത്ത് രാജിവച്ചിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ലെന്നും ശ്രീലേഖ പറഞ്ഞു.
ആരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സ്വീകരിച്ചത്. എന്നാൽ ഇതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധവും ശക്തമായിരുന്നു.