കൊച്ചി: സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയതലത്തില്‍ 29-ാം റാങ്കും, കേരളത്തില്‍ നിന്ന് ഒന്നാം റാങ്കും നേടിയ ആർ. ശ്രീലക്ഷ്മി. എറണാ കുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രതിമാസപ്രഭാഷണ പരമ്പരയില്‍ “നാളെയെ ഇന്നുകൊണ്ടു നേടണം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീലക്ഷ്മി.
ഏതു വിഷമഘട്ടത്തിലും പിന്തിരിഞ്ഞു പോകരുത് എന്നതാണ് എനിക്കു ലഭിച്ച പാഠം. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പങ്കെടുത്തത് കൂടുതല്‍ ഗുണകരമായി. ഒപ്പം വായനയാണ് എന്നും മുതല്‍ക്കൂട്ട്. പരീക്ഷയ്ക്ക് തയാറെടുത്തു കൊണ്ടിരിക്കെയാണ് പ്രളയത്തില്‍ വീടു മുങ്ങിയത്.
മാതാപിതാക്കള്‍ വീടിനുമുകളില്‍ നിന്നപ്പോള്‍ ഹെലികോപ്റ്റര്‍ വന്നാണ് രക്ഷിച്ചത്. അറിവിലും വ്യക്തിത്വത്തിലും ഒത്തിരി മാറ്റങ്ങള്‍ വരുത്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രതീക്ഷച്ചതിലും മികച്ച അവസരമാണ് ലഭിച്ചത്, ഒപ്പം വലിയ ഉത്തരവാദിത്വവും തന്നിലുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു.
വികാരസംയമനമാണ് സംസ്കാരത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് പ്രഫ. എം.കെ. സാനു അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ആന്തരികമായ ഇച്ഛാശക്തിയുടെ പര്യായമാണ് വിനയം. അതിലൂടെ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
പ്രഫ. സാനുവും ചാവറ കള്‍ച്ചറല്‍ സെന്റർ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറയും ചേര്‍ന്ന് ശ്രീലക്ഷ്മിക്ക് ഉപഹാരം നല്കി. മേയര്‍ സൗമിനി ജെയിന് പൊന്നാട അണിയിച്ച് ആദരിച്ചു. കൊച്ചി കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. വി. പി. കൃഷ്ണകുമാർ, ഡി. ബി. ബിനു, ആർ.എല്‍. വി. സുജാത, ജിജോ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.