കൊച്ചി: വിവാദങ്ങള്‍ക്ക് തിരികൊളുത്തി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.
കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ പരാമര്‍ശം ദിലീപിന്റെ താപ്പര്യ പ്രകാരമാണെന്ന് അതിജീവിതയുടെ അഭിഭാഷക പ്രതികരിച്ചപ്പോള്‍, മുന്‍ ഡിജിപിയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാനുള്ള പരിപാടിയാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പരിഹസിച്ചു.
ഇന്നലെ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കേസുമായി ബന്ധപ്പെട്ട് തന്റെ വിലയിരുത്തല്‍ എന്ന പേരില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ദിലീപിന് അനുകൂലമായും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.
തുടര്‍ന്നാണ് വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ന് നിരവധിയാളുകള്‍ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.
കേസിലെ തുടരന്വേഷണം അവസാനിക്കാന്‍ നാല് ദിവസം ബാക്കിനില്‍ക്കെ മുന്‍ ജയില്‍ ഡിജിപിയുടെ പരാമര്‍ശം കേസിനെ ബാധിക്കുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാനാകും.
ശ്രീലേഖയുടെ തുറന്നു പറച്ചില് പ്രതിഭാഗം കോടതിയില്‍ ആയുധമാക്കാനും സാധ്യതയുണ്ട്. അതിനിടെ ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക് പ്രോസിക്യൂഷന് നീക്കം ആരംഭിച്ചു.
വിസ്താരം നടക്കുന്ന കേസില്‍ പ്രതി നിരപരാധിയെന്ന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതും പരിഗണിക്കുന്നതായാണ് വിവരം.
ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമാണെന്ന് മുന്‍ ഡയറക്ടറല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. അസഫലി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘പരാമര്‍ശം ദിലീപിന്റെ താത്പര്യ പ്രകാരം’
കേസുമായി ബന്ധപ്പെട്ടുള്ള തന്റെ വിലയിരുത്തല്‍ എന്ന പേരിലാണ് ശ്രീലേഖ തുറന്നു പറച്ചില് നടത്തിയിട്ടുള്ളതെങ്കിലും കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ഇത് ദിലീപിന്റെ താല്പര്യപ്രകാരം ചെയ്തതാണെന്നാണ് അതിജീവിതയുടെ അഭിഭാഷക ആരോപിക്കുന്നത്.
ഈ സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ.ടി.ബി. മിനി മുന്‍ ഡിജിപിയുടെ പരാമര്‍ശങ്ങള്‍ പോലീസ് സേനയെ അവഹേളിക്കുന്നതാണെന്നും വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അതിജീവിതയെ കാണാന്‍ പോലും ശ്രീലേഖ ശ്രമിച്ചിട്ടില്ല.
വിഷയത്തില്‍ നേരിട്ട് അതൃപ്തി അറിയിച്ചെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അതിജീവിതയ്ക്ക് കേസുമായി ബന്ധപ്പെട്ടുള്ള ആവലാതികള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്ത ആളുകൂടിയാണ് ഭാഗ്യലക്ഷ്മി.
വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഡബ്ല്യൂസിസി അറിയിച്ചു. താരസംഘടന അമ്മ ഇക്കാര്യത്തില്‍ ഇനിയും പ്രതികരണം അറിയിച്ചിട്ടില്ല.
പൊതുസമൂഹം വിലയിരുത്തട്ടെ: ഉമാ തോമസ് എംഎല്‍എ
താന്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് ഉമാ തോമസ്എംഎല്‍എ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ഞാന്‍ പറയില്ല.
കാരണം ഇത് കോടതിയിലിരിക്കുന്ന കേസാണ്. കേസില്‍ എന്തെങ്കിലുമൊരു നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാല്‍ മാത്രമേ പ്രതികരിക്കു.
ഒന്നര മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്‍കിയത്. കേസില്‍ തീരുമാനം ഉണ്ടാകട്ടെ.
ഇത്ര ഉന്നത സ്ഥാനത്ത് ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.
ദിലീപിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രീലേഖയുടെ ശ്രമം: ബാലചന്ദ്രകുമാർ
ദിലീപിന്റെ ഇമേജ് വര്‍ധിപ്പിക്കാനാണ് മുന്‍ ഡിജിപിയുടെ ശ്രമമെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. കേസില്‍നിന്ന് ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നത്.
കേരള പോലീസിനെ മോശക്കാരാക്കാന്‍ ഗൂഡാലോചന നടത്തുന്നു. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദമെന്ന ശ്രീലേഖയുടെ വാദം ബാലിശമാണ്. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ല.
ദിലീപിനോട് ശ്രീലേഖയ്ക്ക് ആരാധനയാണെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു. ഈ വെളിപ്പെടുത്തലുകള്‍ തുടരന്വേഷണത്തെ ബാധിക്കില്ല.
ഇത് വെളിപ്പെടുത്തലല്ല ആരോപണം മാത്രമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്ന് അറിയില്ലെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
മുമ്പും ദിലീപിനെ അനുകൂലിച്ച് വിവാദത്തില്‍
വിരമിച്ചതിനു ശേഷം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ദിലീപിനായി മുമ്പും ശ്രീലേഖ സംസാരിച്ചിട്ടുണ്ട്. ജയില്‍ സന്ദര്‍ശന വേളയില്‍ മറ്റ് തടവുകാര്‍ക്കൊപ്പം നിലത്ത് കിടന്നിരുന്ന ദിലീപ് അവശനായിരുന്നുവെന്നും താന്‍ ഇടപെട്ടാണ് ദിലീപിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയതെന്നുമായിരുന്നു ശ്രീലേഖ വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ ഇവര്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ മറ്റ് തടവുകാര്‍ക്കൊപ്പം ജയിലില്‍ അല്ലേ കഴിയേണ്ടതെന്നും എന്തിനാണ് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നുമുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇകാര്യങ്ങളോട് പ്രതികരിക്കാന്‍ ശ്രീലേഖ തയാറായിരുന്നില്ല. ഈ സംഭവത്തില്‍ പോലീസില്‍നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍
ദിലീപിനെതിരേ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്ക്കുന്ന ചിത്രം വ്യാജമാണെന്നും ശ്രീലേഖ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്.
കേസില്‍ ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്നു വിശ്വസിക്കാന്‍ തനിക്കു സാധിച്ചിട്ടില്ല. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ട്.
ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് ഈ കേസിലേക്കു വലിച്ചിഴക്കപ്പെട്ടതാണെന്ന് തനിക്കു തോന്നിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍നിന്നു പള്‍സര്‍ സുനി ഒരു കത്ത് എഴുതിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സുനിയല്ല സഹതടവുകാരന് വിപിന്‍ ലാല്‍ ആണ് കത്തെഴുതിയതെന്നു പള്‍സര്‍ സുനി തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കാന്‍ വിളിച്ചു ചേര്‍ത്ത നടീനടന്മാരുടെ യോഗത്തിലാണ് ഇതിനു പിന്നിലൊരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയര്‍ന്നതും പിന്നാലെ കേസില്‍ ദിലീപിന്റെ പേര് മാധ്യമങ്ങളിലൂടെ വരുന്നതും.
വാര്‍ത്തകളെ തുടര്‍ന്നുള്ള സമ്മര്‍ദത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലില്‍ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു, അതു വിവാദമായി.
ദിലീപിനെ പോലെ സ്വാധീനവും പണവുമുള്ള ഒരാളെ വെറുതേ പോലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ ഇടുമോയെന്നൊക്കെ പലരും ചോദിക്കും. എന്നാല്‍ എതിരാളി ശക്തനാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും, എന്നാണ് തനിക്ക് ബോധ്യമായത്.
തെളിവായി തനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്ക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നില്ക്കുമ്പോള് പുറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം.
ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനും സമ്മതിച്ചു.
ഇരുവരുടേയും ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചര്‍ച്ച. എന്നാല്‍ അന്ന് എറണാകുളത്തെ ഒരു ഹോട്ടലില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിരവധി താരങ്ങളും അവരുടെ ഡ്രൈവര്‍മാരുമെല്ലാം പങ്കെടുത്തിരുന്നു.
അതുകൊണ്ട് ഒരു ടവര്‍ ലൊക്കേഷനു കീഴില്‍ ഇരുവരും ഉണ്ടായിരുന്നുവെന്നത് തെളിവായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ശ്രീലേഖ പറഞ്ഞു.