ആലുവ: പറവകൾക്ക് ദാഹജലത്തിനായി മൺപാത്രങ്ങൾ, ഗാന്ധിസം പ്രചരിപ്പിക്കാൻ ആത്മകഥാ ഗ്രന്ഥ വിതരണം, നാടും പറമ്പും പച്ചപ്പണിയാൻ മരത്തൈകൾ തുടങ്ങിയ സൗജന്യ പദ്ധതികളിലൂടെ ശ്രദ്ധേയനായ ശ്രീമൻ നാരായണൻ ഇനി പൂജാ പുഷ്പങ്ങളുടെയും പ്രചാരകൻ.
എട്ടിന് രാവിലെ 9.30ന് പ്രഫ.എം.കെ.സാനുമാഷും വി.പി.ഗംഗാധരനും ചേര്‍ന്ന് എറണാകുളം ശിവക്ഷേത്രം പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന് കൂവളത്തൈ നല്കി പദ്ധതിക്ക് തുടക്കംകുറിക്കും. എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതി, എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ എന്നിവർ സംയുക്തമായി ക്ഷേത്രസന്നിധിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രകൃതിയേയും ഈശ്വരനേയും ഒരുപോലെ ഉപാസിക്കുവാന്‍ ഭക്തരെ ഒരുക്കുന്ന പദ്ധതിക്ക് ‘നടാം നനക്കാം നടയ്ക്കല്‍ വയ്ക്കാം’ എന്നാണ് പേരിട്ടിരിക്കുന്നത്.
രണ്ടു വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം തൈകള്‍ വിവിധ ക്ഷേത്രങ്ങളിലൂടെ ഭക്തരിൽ എത്തിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സാഹിത്യകാരൻ ശ്രീമൻ നാരായണൻ പറഞ്ഞു. ക്ഷേത്രസന്നിധിയില്‍ തുളസി, കൂവളം, ചെത്തി എന്നിവയുടെ തൈകൾ നടാനും ഭക്തർക്ക് വിതരണം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്.