ചേർത്തല: ശ്രീകണ്ഠമംഗലം സഹകരണബാങ്കിലെ അഴിമതിയിൽ സർക്കാർ സ്വീകരിച്ച നടപടി ഹൈക്കോടതി ശരിവച്ചു.
ഭൂമിവാങ്ങൽ ഇടപാടിൽ ബാങ്കിനുണ്ടായ നഷ്ടം പ്രസിഡനന്റായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി ആർ. ശശിധരൻ ഉൾപ്പെടെ ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാൻ സഹകരണവകുപ്പ് പുറപ്പെടുവിച്ച സർച്ചാർജ് ഉത്തരവാണ് ജസ്റ്റിസ് സതീശ് നൈനാൻ ശരിവച്ചത്.
കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്കിലാണ് ഭൂമിയിടപാടിൽ ക്രമക്കേട് നടന്നത്. ഉപയോഗ യോഗ്യമല്ലാത്ത ഭൂമി കൂടിയ വിലനൽകി നടപടിക്രമങ്ങൾ പാലിക്കാതെ വാങ്ങിയതിലാണ് അന്വേഷണവും നടപടിയും ഉണ്ടായത്.
അന്വേഷണ റിപ്പോർട്ടിൽ പ്രസിഡന്റ് ഉൾപ്പെടെ ആറ് ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് കണ്ടെത്തുകയും അവർക്ക് എതിരെ സർച്ചാർജ് ഈടാക്കാൻ ഉത്തരവായതും.
ഇതോടെ ഭരണസമിതിക്ക് ക്വാറം ഇല്ലാതായി. തുടർന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായി. നിശ്ചിത സമയത്തിനുശേഷം തെരഞ്ഞെടുപ്പ് വജ്ഞാപനം ഇറക്കിയപ്പോൾ സർച്ചാർജിനെതിരെ ശശിധരൻ ഉൾപ്പെടെ ഹൈക്കോടതിയെ സമീപിക്കുകയും തെരഞ്ഞെടുപ്പ് തടയുകയുമായിരുന്നു. ഈ കേസിലാണ് സർക്കാർ നടപടി ശരിവച്ച് ബുധനാഴ്ച ഉത്തരവുണ്ടായത്.