കണ്ണൂർ: സ്ത്രീകൾക്കുള്ള പ്രസവചികിത്സാ സഹായം ഒരു പ്രസവത്തിനു മാത്രമായി പരിമിതപ്പെടുത്താനുള്ള കേന്ദ്ര നീക്കം അപലപനീയമാണെന്നു പി.കെ.ശ്രീമതി എംപി. പാർലമെന്റിൽ ഇതു സംബന്ധിച്ച ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ രണ്ട് പ്രസവത്തിനു 6000 രൂപ വീതം നൽകുമെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തിൽ നിന്ന് ഏകപക്ഷീയമായാണു കേന്ദ്രസർക്കാർ പിന്മാറുന്നത്.
വാഗ്ദാനത്തിൽ നിന്നു പിൻമാറുകയും ഒരു പ്രസവത്തിന് മാത്രം സഹായമാക്കി ചുരുക്കിയിട്ടും അതിനെ വലിയ സംഭവമായാണു കേന്ദ്രം ചിത്രീകരിക്കുന്നത്. പ്രസവ ചികിത്സാ സഹായം വെട്ടിച്ചുരുക്കും മുമ്പ് പാർലമെന്റിലെ വനിതാ അംഗങ്ങളോട് പോലും ചർച്ച ചെയ്തില്ല. ഈ തീരുമാനം പിൻവലിക്കുകയും രണ്ടു പ്രസവത്തിനും സഹായം നൽകുകയും വേണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര ട്രഷറർ പി.കെ.ശ്രീമതി എംപി ആവശ്യപ്പെട്ടു.