കണ്ണൂർ: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ യുഎപിഎ കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് വനിതാ നേതാവിനെ തമിഴ്നാട് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു.
ചിക്കമംഗളൂർ ശൃംഗേരി ബളഗൂഡു കൊഡിഗെയിലെ ശ്രീമതി എന്ന സംഗീത (30) യാണ് അറസ്റ്റിലായത്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിരവധി ഓപ്പറേഷനുകളിൽ പോലീസ് തെരയുന്ന ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് കർണാടക സർക്കാർ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
മാവോയിസ്റ്റ് കബനിദളത്തിലെ സജീവ അംഗമാണ് ശ്രീമതി. കേരളത്തിൽ പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, വൈത്തിരി, പടിഞ്ഞാറെത്തറ,തിരുനെല്ലി, താമരശേരി, അഗളി പോലീസ് സ്റ്റേഷൻ പരിധികളിൽ ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരവും, ആയുധ നിയമപ്രകാരവും കേസുകളുണ്ട്.
താമരശേരി സ്റ്റേഷനിൽ രണ്ടു കേസുകളാണുള്ളത്. ശൃംഗേരിയിൽ അഞ്ച് കേസുകളും അഗുംബെ, കർക്കല റൂറൽ എന്നിവിടങ്ങളിൽ ഓരോ കേസുകളുമുണ്ട്.