ശ്രീനഗർ: ശ്രീനഗറിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇൻസ്പെക്ടർ മസ്റൂർ അഹമ്മദ് വാനിക്കുനേരേ തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളേറ്റിട്ടുണ്ട്.
അക്രമം നടന്ന ഉടൻതന്നെ വാനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചതായി കാഷ്മീർ പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
പോലീസും അർധസൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികൾക്കായുള്ള തെരച്ചിലും പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്.
അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. വടക്കൻ കാഷ്മീരിലെ നിയന്ത്രണ രേഖയിൽ തീവ്രവാദികൾ നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി മൂന്ന് ദിവസത്തിനുശേഷമാണ് ആക്രമണം. അഞ്ച് ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികളെ സൈന്യം അന്ന് വധിച്ചിരുന്നു.