ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഇന്നു പുലർച്ചെ വെടിവയ്പുണ്ടായി. കുൽഗാമിൽ രണ്ടു ഭീകരരെ സുരക്ഷാസേന കുടുക്കിയതായും വിവരമുണ്ട്. ഷോപ്പിയാൻ ജില്ലയിലെ ചോട്ടിഗാം മേഖലയിലാണു വെടിവയ്പ് ആരംഭിച്ചത്.
ഷോപ്പിയാൻ പോലീസും ഇന്ത്യൻ സൈന്യവും സിആർപിഎഫും ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കാഷ്മീർ സോൺ പോലീസ് ട്വീറ്റിൽ പറഞ്ഞു. കുൽഗാം ജില്ലയിലെ ഹഡിഗാം ഗ്രാമത്തിൽ രണ്ടു ദിവസം മുൻപ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കാഷ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവിദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ പിടിയിലായിരുന്നു. കാഷ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയാണ് മട്ടൂ. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.