കൊല്ലം: കഴിഞ്ഞവർഷം കൊല്ലത്ത് തുടങ്ങിയ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ഗുരുദേവനെ ആക്ഷേപിക്കാൻ വേണ്ടി ആയിരുന്നോ എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.
യൂണിവേഴ്സിറ്റിയുടെ ചാൻസലറായ ഗവർണർ തന്നെ ഈ വിവരം പുറത്ത് വിട്ടപ്പോൾ അസഹിഷ്ണത കൊണ്ട് ഇരിക്കാൻ വയ്യാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുപക്ഷ നേതാക്കന്മാരും ഉന്നതവിദ്യാഭ്യാസരംഗത്ത് കാട്ടിയ വലിയ ക്രൂരതകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇഷ്ടമുള്ളവരെ വൈസ്ചാൻസലർ പോലെയുള്ള പദവിയിൽ പോലും നിയമിക്കുക, ഇത്തരം പ്രസ്ഥാനം തുടങ്ങിയിട്ടുണ്ട് അതിന്റെ ബാക്കി പരിപാടികളൊന്നും നടത്താതിരിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ ഗവർണറോട് വിരോധം കാട്ടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത് ശരിയാണോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് തോമസ് പറഞ്ഞു.
തെറ്റായ രീതിയിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റി വൻ അഴിമതി കാട്ടിയ രീതിക്കെതിരായി ശക്തമായ നിലപാട് സ്വീകരിച്ച ഗവർണറുടെ നീക്കത്തിൽ മുഖ്യമന്ത്രിയും സർക്കാരും ഞെട്ടിയിരിക്കുകയാണ്.
ഓരോ ദിവസവും ഓരോ രീതിയിൽ പ്രതികരിക്കുന്ന അവർ ഗവർണറെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയുമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാനുള്ള ശ്രമം ജനങ്ങൾ ഏറ്റെടുക്കുമെന്നും തോമസ് പറഞ്ഞു.