തിരുവനന്തപുരം: നടൻ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകുമെന്നു ഭാര്യ ലത. ശ്രീനാഥിന്റെ ശരീരത്തിൽ 11 ഇടങ്ങളിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണു മരണത്തെക്കുറിച്ചു സംശയമുയരാൻ കാരണം.
2010 ഏപ്രിൽ 23നാണു ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടൽമുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കൈഞരന്പുകൾ ബ്ലേഡുപയോഗിച്ചു മുറിച്ചിരുന്നു. പോലീസ് ആത്മഹത്യയായി എഴുതിത്തള്ളി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിരവധി ചതവുകളും മുറിവുകളുമുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ചതവുകളെല്ലാം കൈകളിലും കാലുകളിലും പിൻഭാഗത്തുമായാണ്. ഇതു ദുരൂഹതയുണർത്തുന്നതാണെന്നു ശ്രീനാഥിന്റെ കുടുംബം പറയുന്നു.
ശ്രീനാഥിന്റെ ഫോണും പഴ്സുമടക്കം നഷ്ടമായതും സംശയമുണർത്തി. 2010ൽത്തന്നെ വിശദ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. പറക്കമുറ്റാത്ത മകനുമായി ശ്രീനാഥിന്റെ അകാലമരണത്തിൽ തളർന്നുപോയ ലതയ്ക്കു കേസിനു പിന്നാലെ പോകാനായില്ല. ആറു മാസം മുന്പ് വിവരാവകാശപ്രകാരം രേഖകൾ ചോദിച്ചപ്പോൾ കേസ്ഫയൽ കണ്ടുകിട്ടിയില്ല എന്ന മറുപടി പോലീസിൽനിന്നു ലഭിച്ചതോടെയാണു പോരാടാൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു.