കൊച്ചി: നടൻ ശ്രീനാഥിന്റെ മരണത്തിൽ വീണ്ടും അന്വേഷണമാവശ്യപ്പെട്ട് നടന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ശ്രീനാഥ് കൈഞരന്പ് മുറിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് നടന്റെ കുടുംബം പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണമെന്ന നടന്റെ കുടുംബത്തിന്റെ ആവശ്യത്തോട് വേണ്ട നടപടികൾ ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
2010 മേയ് മാസത്തിൽ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102-ാം നന്പർ മുറിയിൽ ഞരന്പുമുറിച്ച് രക്തംവാർന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാർ സംവിധാനംചെയ്ത ശിക്കാർ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ വന്നതായിരുന്നു അദ്ദേഹം. വ്യക്തിപരമായ പ്രശ്നങ്ങൾമൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തൽ.
ശ്രീനാഥ് ജീവനൊടുക്കാൻ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാർ വാദിച്ചിരുന്നെങ്കിലും നാലുമാസംകൊണ്ട് പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടൻ തിലകൻ പിന്നീട് ആരോപിച്ചിരുന്നു.