കൊച്ചി: നടന് ശ്രീനാഥ് ഭാസിക്ക് ചലച്ചിത്രതാര സംഘടനയായ അമ്മയില്‍ അംഗത്വം ലഭിച്ചില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സിനിമാമേഖലയിലെ മറ്റു സംഘടനകളുടെ എന്‍ഒസി ലഭിച്ചശേഷം അംഗത്വം നല്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് കൊച്ചിയിൽ നടന്ന അമ്മ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
യോഗം മുന്‍കൂട്ടി അറിയിച്ചിട്ടും താരങ്ങള്‍ക്ക് അവധി നല്‍കാതെ ഇന്നലെ ചിത്രീകരണം തുടര്‍ന്ന അഞ്ചു ചിത്രങ്ങളുടെ നിര്‍മാതാക്കളെ സംഘടന പ്രതിഷേധം അറിയിച്ചു. 2024 ജൂണില്‍ പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്തുവാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ കലൂര്‍ ഗോഗുലം കണ്വന്ഷന് സെന്ററില്‍ നടന്ന യോഗത്തില്‍ അമ്മയുടെ പുതിയ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് മമ്മൂട്ടിക്ക് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ട്രഷറര്‍ സിദ്ധിഖ്, പ്രേംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.