കൊച്ചി: യുട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോയെന്നു പരിശോധിക്കാനൊരുങ്ങി പോലീസ്.
വിദഗ്ധ പരിശോധനയുടെ ഭാഗമായി ഇയാളുടെ ശരീര സാന്പിളുകൾ ശേഖരിച്ചു.നഖം, തലമുടി, രക്തം എന്നിവയുടെ സാന്പിളുകളാണ് മരട് പോലീസ് ശേഖരിച്ചത്.
ഇത് ഇന്നു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് മരട് എസ്ഐ റിജിൽ എം. തോമസ് പറഞ്ഞു. അഭിമുഖ സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.
പരിശോധനാഫലം കേസിൽ നിർണായകമാകും.അതേസമയം കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഹാജരായ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു.
354 സെഷനിലെ 1, 4 വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കുറ്റം. ജാമ്യം ലഭിക്കാവുന്ന കേസ് ആയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ശനിയാഴ്ച്ച ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സാവകാശം ആവശ്യപ്പെട്ടതോടെ തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.
ഇന്നലെയും ഹാജരാകില്ലെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഉച്ചയോടെ ശ്രീനാഥ് ഭാസി മരട് സ്റ്റേഷനിലെത്തി എസ്ഐക്ക് മുന്നിൽ റിപ്പോർട്ട് ചെയ്തത്.
കുറ്റം ചെയ്തിട്ടില്ല എന്ന നിലപാടിലായിരുന്നു ശ്രീനാഥ് ഭാസി. പരാതിക്കാരി പറഞ്ഞ കുറ്റങ്ങളൊക്കെ നടൻ നിഷേധിച്ചു.
ചട്ടന്പി എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന അഭിമുഖത്തിന് ഇടയിലായിരുന്നു സംഭവം.
ചോദ്യം ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് അവതാരകയുടെ പരാതി.
ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതും പോലീസിനു ലഭിച്ചിട്ടുണ്ട്.