മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് മാതൃകയാക്കാം ശ്രീനാഥ് എന്ന ഈ ചെറുപ്പക്കാരനെ! റെയില്‍വേസ്റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായ ശ്രീനാഥിനെ താരമാക്കിയത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ പഠനരീതി

പിഎസ്‌സി പോലുള്ള മത്സര പരീക്ഷകള്‍ ഒരിടത്ത് കുത്തിയിരുന്ന, പഠിച്ച് നേടേണ്ടതാണെന്ന ചിലരുടെയെങ്കിലും തെറ്റിദ്ധാരണ മാറ്റുന്നതാണ് ശ്രീനാഥ് എന്ന ചെറുപ്പക്കാരന്റെ പിഎസ്‌സി പഠനം. എറണാകുളത്ത് റെയില്‍വെയില്‍ ചുമട്ടുതൊഴിലാളിയാണ് ശ്രീനാഥ്. റെയില്‍വേ സ്റ്റേഷനിലെ വൈഫൈ സൗകര്യം ഉപയോഗപ്പെടുത്തി പഠിച്ചുകൊണ്ടാണ് ശ്രീനാഥ് പിഎസ്സി പരീക്ഷയെഴുതിയത്.

ആദ്യം തോര്‍ത്തെടുത്ത് തലയില്‍ കെട്ടും, പിന്നെ അന്ന് പൂര്‍ത്തിയാക്കേണ്ട പാഠഭാഗം ഫോണില്‍ എടുത്തുവെച്ച് ഹെഡ്‌സെറ്റ് ചെവിയില്‍ തിരുകും, യാത്രക്കാരുടെ ബാഗ് ചുമക്കുന്നതിനൊപ്പം പി.എസ്.സി പരീക്ഷയ്ക്ക് ഇങ്ങനെയാണ് ശ്രീനാഥ് പഠിച്ചത്. ഇടുക്കിക്കാരന്‍ ശ്രീനാഥ് അഞ്ച് വര്‍ഷമായി എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ ചുമടെടുക്കുകയാണ്. പിഎസ്‌സി പരിശീലനം തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. തുടക്കത്തില്‍ കോച്ചിംഗിന് പോയിരുന്നെങ്കിലും സ്റ്റേഷനില്‍ വൈഫൈ സൗകര്യം വന്നശേഷം ജോലിക്കൊപ്പമായി പഠനം.

കഠിനാധ്വാനത്തിന്റെ കഥ പുറത്തറിഞ്ഞതോടെ റയില്‍വേ സ്റ്റേഷനില്‍ താരമായി മാറിക്കഴിഞ്ഞു ശ്രീനാഥ്. എഴുതിയ രണ്ട് പരീക്ഷകളിലും എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട് ശ്രീനാഥിന്. ചുമട്ടുജോലിക്കൊപ്പം സ്വകാര്യ കമ്പനിയില്‍ ഡെലിവറി ബോയിയായും ജോലി ചെയ്യുന്നുണ്ട്.

 

Related posts