കൊച്ചി: വീടിനു നേരെ കരി ഓയിൽ പ്രയോഗത്തെ പരിഹസിച്ച് നടൻ ശ്രീനിവാസൻ. പെയിന്റ് പണിക്കാർ ആരെങ്കിലുമാവാം കരി ഓയിൽ ഒഴിച്ചതെന്നാണ് നടന്റെ പരിഹാസം. സംഭവത്തിൽ ആരെയും സംശയിക്കുന്നില്ലെന്നും പോലീസിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
ശ്രീനിവാസന്റെ കണ്ണൂർ കൂത്തുപറന്പിലെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെയോ ശനിയാഴ്ച രാത്രിയോ ആക്രമണമുണ്ടായെന്നാണു കരുതുന്നത്. വീട്ടിൽ ആൾത്താമസമില്ലാത്തതിനാൽ സംഭവം ഞായറാഴ്ച രാവിലെയാണു പുറത്തറിയുന്നത്.
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ശ്രീനിവാസന്റെ വീട് ആക്രമിക്കപ്പെടുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും എന്നായിരുന്നു ശ്രീനിവാസന്റെ പരാമർശം.
അച്ഛന് ശ്രാദ്ധമൂട്ടാൻ ദിലീപിന് കഴിഞ്ഞദിവസം രണ്ടുമണിക്കൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് തിരികെയെത്തിയ ദിലീപിനെ കാണാൻ ഒട്ടേറെ താരങ്ങൾ ജയിലിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന് പിന്തുണയുമായി ശ്രീനിവാസൻ രംഗത്തെത്തിയത്.
ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്നുമുള്ള കേസിലാണ് ദീലിപ് അറസ്റ്റിലായത്. ഫെബ്രുവരിയിലായിരുന്നു നടിക്കെതിരായ ആക്രമണം.