ഇതുവരെ 45,83000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന് ശ്രീനിവാസന്‍, അങ്ങനെയെങ്കില്‍ ഒരുദിവസം 205 തിരക്കഥകള്‍ വീതം വായിക്കേണ്ടിവരുമെന്ന് കണക്കുസാര്‍, ശ്രീനിവാസനെ പൊളിച്ചടുക്കി ഒരു അധ്യാപകന്റെ കണ്ടെത്തല്‍ ഇങ്ങനെ

രാഷ്ട്രീയ, പരിസ്ഥിതി കാര്യങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളുള്ള താരമാണ് ശ്രീനിവാസന്‍. പ്രകൃതി ചികിത്സയുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം രേഖപ്പെടുത്തി പുലിവാലു പിടിക്കുകയും ചെയ്തു അദേഹം. ഇപ്പോഴിതാ ശ്രീനിക്ക് മറ്റൊരു പണി കിട്ടിയിരിക്കുകയാണ് അദേഹം. മറ്റൊന്നുമല്ല, നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണിന്റെ ആദ്യ ചിത്രം ‘കല്യാണ’ത്തിന്റെ പൂജയ്ക്കിടെ സംസാരിക്കവെ താന്‍ 45,83000 തിരക്കഥകള്‍ ഇതുവരെ വായിച്ച് തള്ളിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം സിനിമ മാധ്യമങ്ങളില്‍ വരികയും ചെയ്തു.

ശ്രീനിവാസന്റെ ഈ അവകാശവാദത്തെ പൊളിച്ചടുക്കി രംഗത്തെത്തിയത് രജീഷ് കുമാര്‍ എന്ന അധ്യാപകനാണ്. 61 കാരനായ ശ്രീനിവാസന്‍ ഇത്രയും തിരക്കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒരു വര്‍ഷം എത്ര തിരക്കഥകള്‍ വായിച്ചുകാണും എന്ന് തുടങ്ങി ഒരു തിരക്കഥ വായിക്കാന്‍ എടുക്കുന്ന സമയം വരെ ഹരിച്ചും ഗുണിച്ചും കണ്ടെത്തി കൊടുത്തിരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രജീഷ്. 15 മിനുട്ടില്‍ ശ്രീനിവാസന്‍ രണ്ടു തിരക്കഥകള്‍ വായിച്ചു തള്ളിയിരിക്കും എന്നാണ് രജിഷ് പറയുന്നത്. സയന്‍സ് വിഷയങ്ങളിലും അവയവദാനത്തിലുമെല്ലാം അഭിപ്രായം പറയുമ്പോള്‍ അത് തെളിയിക്കാന്‍ ശാസ്ത്രീയ വഴികള്‍ ഉണ്ടായെന്ന് വരില്ല, പക്ഷേ കണക്ക് കൃത്യമായി പ്രൂവ് ചെയ്യാം എന്നും രജീഷ് പറയുന്നു… തള്ളുമ്പോള്‍ അല്‍പ്പം മയത്തില്‍ തള്ളണമെന്ന് സാരം…

രജിഷ് കുമാറിന്റെ പോസ്റ്റ് ഇങ്ങനെ

ങ്ങള് ദയവ് ചെയ്ത് മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍ മതി..
കണക്ക് പറയരുത്…
ചക്ക തിന്നാല്‍ എയ്ഡ്‌സ് മാറുമെന്നും അവയവ മാറ്റത്തെ കുറിച്ചും എന്തും പറയാം..
അത് പ്രൂവ് ചെയ്യാന്‍ വല്യ പാടാണ്…
അത് പോലല്ല കണക്ക്…!

താങ്കള്‍ ജനിച്ച അന്നു മുതല്‍ അക്ഷരാഭ്യാസമുള്ളയാളാണെന്നും മുലപ്പാലിന് മുന്നെ തന്നെ തിരക്കഥ വായിക്കാന്‍ തുടങ്ങീന്നും ഞങ്ങള്‍ കണക്ക് കാര് ആദ്യം Assume ചെയ്യട്ടെ…
ഞങ്ങ കണക്ക് കാര് അങ്ങനെയാ എന്തും കേറിയങ്ങ് സങ്കല്‍പ്പിക്കും..
ഇപ്പം അങ്ങേക്ക് 61 വയസ്..
അപ്പം താങ്കള്‍ ഒരു വര്‍ഷം വായിച്ചു തള്ളിയ തിരക്കഥകളുടെ എണ്ണം = 4583000/61 =75,131.1475

അപ്പം ഒരു വര്‍ഷം ശരാശരി 75131 തിരക്കഥകള്‍…

ഒരു വര്‍ഷത്തില്‍ 365 ദിവസം..
സോറി… കാല്‍ കുറച്ചൂന്ന് വേണ്ട… 365 l/4

അപ്പം ഒരു ദിവസം വായിച്ചു തള്ളിയത് = 75131/365.25 =205.697467.

ഒരൂസം 205 തിരക്കഥ…

മെഡിക്കല്‍ സയന്‍സ് ഒക്കെ കലക്കി കുടിച്ച ഇങ്ങേര് ഉറങ്ങാതെ തിരക്കഥ വായിക്കാനുള്ള സിദ്ധി കിട്ടിയ ആളാണെന്ന് കരുതാം..

ദിവസം 24 മണിക്കൂര്‍…

അപ്പം 1 മണിക്കൂറില്‍ ഇദ്ദേഹം വായിച്ചു തള്ളിയത് = 205/24 =8.54166667

ഒരു മണിക്കൂറില്‍ എട്ടിലധികം തിരക്കഥകള്‍…

കാല്‍ മണിക്കൂറോണ്ട് രണ്ട് തിരക്കഥകള്‍..

ജീവിതത്തില്‍ മറ്റൊന്നും ചെയ്യാതെ വായിച്ചോണ്ടിരുന്നാല്‍ ഒരു തിരക്കഥയ്ക്ക് ഏഴര മിനിറ്റ്…

ഇനീപ്പം എന്ത് ഔഷധം കഴിച്ചാണ് ഈ സിദ്ധി കിട്ടിയത് ന്ന് അറിഞ്ഞാല്‍ എനിക്കൊരു പാട് വായിക്കാനുണ്ടായിരുന്നു.

Related posts